കണ്ണൂരില്‍ കുറ്റിയാട്ടൂര്‍ മാമ്ബഴ വിപണന കേന്ദ്രം ആരംഭിച്ചു

കണ്ണൂര്‍: കുറ്റിയാട്ടൂര്‍ മാമ്ബഴ വിപണന കേന്ദ്രം കണ്ണൂരില്‍ ആരംഭിച്ചു . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മാമ്ബഴ വിപണന കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.ഭൗമസൂചിക പദവി ലഭിച്ച കുറ്റിയാട്ടൂര്‍ മാമ്ബഴത്തിന്റെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആര്‍.ടി.ഒ പരിസരത്തെ അര്‍ബന്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലാണ് വിപണന കേന്ദ്രം ആരംഭിച്ചത്. പ്രശസ്ത സിനിമാതാരം സുധീര്‍ കരമന സ്റ്റാള്‍ സന്ദര്‍ശിച്ചു.

സ്റ്റാള്‍ ആഴ്ചയില്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. ഒരു കിലോ മാമ്ബഴത്തിന് 50 രൂപയാണ് വില. വരും ദിവസങ്ങളില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ മാമ്ബഴ ജാം, സ്‌ക്വാഷ്, പച്ച മാങ്ങാ ജാം, പച്ച മാങ്ങാ സ്‌ക്വാഷ്, പച്ച മാങ്ങാ പൗഡര്‍, കറി മാങ്ങ, അടമാങ്ങ, മാങ്ങയച്ചാര്‍, മാങ്ങാ കച്ച്‌ മാങ്ങാ സോഡ എന്നിവയും കുറ്റിയാട്ടൂര്‍ അരിയും വിപണനത്തിനുണ്ടാവും. മാമ്ബഴം കൂടാതെ മാവിന്റെ ഗ്രാഫ്റ്റ് തൈകളും വില്‍പ്പനക്കുണ്ട്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.അനിത അധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡ് ചെയര്‍മാന്‍ വി.ഒ.പ്രഭാകരന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഇ.കെ. അജിമോള്‍, എം.എന്‍.പ്രദീപന്‍, സി വി.ജിതേഷ്, കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡ് അംഗം കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply