ആകാശത്ത്‌ അഗ്നി പുഷ്‌പങ്ങൾ വിരിയിച്ച്‌ പൂരങ്ങളുടെ പൂരത്തിന്‌ കൊട്ടിക്കലാശം

ആകാശത്ത്‌ അഗ്നി പുഷ്‌പങ്ങൾ വിരിയിച്ച്‌ പൂരങ്ങളുടെ പൂരത്തിന്‌ കൊട്ടിക്കലാശം. തട്ടകത്തുകാർക്കുള്ള പകൽ വെടിക്കെട്ട്‌ പൂരപ്രേമികൾക്ക്‌ സംതൃപ്‌തിയേകി. ബുധനാഴ്‌ച  പുലർച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട്‌  മഴയെ ത്തുടർന്ന്‌ വൈകുന്നേരത്തേക്ക്‌ മാറ്റിയിരുന്നു. എന്നാൽ വൈകുന്നേരവും  മഴയെത്തുടർന്ന്‌  നടത്താനാവാതിരുന്നത്‌ വെടിക്കെട്ട്‌ ആരാധകരെ അൽപ്പം നിരാശപ്പെടുത്തി.  കലക്ടറുടെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗം ചേർന്ന്‌  മഴയൊഴിഞ്ഞ ദിനത്തിൽ വെടിക്കെട്ട്‌ നടത്താൻ തീരുമാനിച്ചു.
എക്‌സ്‌പ്ലോസീവ്‌ വകുപ്പിന്റെ കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ, വർണവിസ്‌മയത്തിന്‌ പ്രാധാന്യം നൽകിയാണ്‌ പാറമേക്കാവ്‌–- തിരുവമ്പാടി വിഭാഗങ്ങൾ വെടിക്കെട്ടൊരുക്കിയിരുന്നത്‌.
    എന്നാൽ, പകൽനേരം പൂരപ്പറമ്പിലെ വെടിക്കെട്ട്‌ ഇടങ്ങളിൽ ഓലയിൽനിന്ന്‌ തീപടർന്ന്‌ കുഴിമിന്നിയിലേക്കും  അമിട്ടിലേക്കും എത്തി കൂട്ടപ്പൊരിച്ചിലിൽ കലാശിച്ചത്‌ പൂരത്തട്ടകത്തെ വിറപ്പിച്ചു. ശബ്ദത്തിന്‌ ഊന്നൽ നൽകിയായിരുന്നു പകൽവെടിക്കെട്ട്‌ പൊടിപൊടിച്ചത്‌.  മറ്റത്തൂർ പാലാട്ടി കൂനത്താൻ പി സി വർഗീസ്‌ ഒരുക്കിയ പാറമേക്കാവ് വെടിക്കെട്ട്‌  1.54ന്‌ തുടങ്ങി നാലു മിനിറ്റ്  നീണ്ടുനിന്നു.
ഷീനാ സുരേഷും സംഘവും ഒരുക്കിയ തിരുവമ്പാടി വിഭാഗത്തിന്റെ പകൽ വെടിക്കെട്ട്‌ 2.35ന്‌ തുടങ്ങി ഏഴുമിനിറ്റോളം നീണ്ട്‌ കൂട്ടപ്പൊരിച്ചിലിലൂടെ കലാശിച്ചു. മണ്ണിൽ അഗ്നിഗോളങ്ങളും  വാനിൽ പൂക്കുടകളും വിരിയിച്ചുള്ള ഇരുകൂട്ടരുടെയും കരിമരുന്നുപ്രകടനം  തട്ടകത്തുകാരെ ആനന്ദനിർവൃതിയിലെത്തിച്ചു. രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം, അരങ്ങേറിയ വെടിക്കെട്ട്‌ കാണാൻ ഇക്കുറി പതിവിലേറെ ജനം തടിച്ചുകൂടി. പകൽവെടിക്കെട്ട്‌ കാണാൻ പൊലീസ്‌ ജനങ്ങളെ സ്വരാജ്‌ റൗണ്ടിനു ചുറ്റുമുള്ള ഫുട്‌പാത്തിലേക്ക്‌ പ്രവേശിപ്പിച്ചത്‌ പൂരപ്രേമികൾക്ക്‌ ആശ്വാസമേകി.
Leave A Reply