വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി

വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി. ചൊവ്വാഴ്‌ച രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചടങ്ങുകളാരംഭിച്ചു.  കോട്ടയം തിരൂർകുന്നിൽനിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘം ഇക്കരെ കൊട്ടിയൂരിലെത്തിയശേഷം ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയിലിലും തണ്ണീർകുടി നടത്തി.
ഉച്ചയോടെ ജന്മശാന്തി പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരിയുടെയും സമുദായി കൃഷ്ണ മുരളി നമ്പൂതിരിയുടെയും നേതൃത്വത്തിൽ ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ നായർ,  ഊരാളന്മാർ, അടിയന്തിര യോഗക്കാർ മന്ദംചേരി ഉരുളിക്കുളത്തിലെത്തി.  കൂവയിലകളോടെ  ബാവലിപ്പുഴയിലെത്തി. ബാവലിപ്പുഴയിൽ പരസ്പരം കണ്ട്‌ ഒറ്റപ്പിലാൻ സംഘത്തിന് അനുമതി നൽകി. ഒറ്റപ്പിലാൻ, ജന്മശാരി, പുറങ്കലയൻ എന്നിവരുടെ സാന്നിധ്യത്തിൽ ജന്മശാന്തി നീരഭിഷേകം നടത്തി. സ്ഥാനികർ, അടിയന്തിര യോഗക്കാർ, അവകാശികൾ എന്നിവർക്ക് പ്രസാദം നൽകി മടങ്ങി.
 അർധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ പ്രത്യേക പൂജയും അപ്പട വിതരണവുമുണ്ടായി. വൈശാഖോത്സവത്തിലെ നെയ്യാട്ടവും മുതിരേരി വാൾ വരവും 15ന് നടക്കും. 16ന് രാത്രി മണത്തണയിൽനിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ചശേഷം നിത്യപൂജകളും ദർശനവും ആരംഭിക്കും. ഭണ്ഡാരം എഴുന്നള്ളത്തിനുശേഷം സ്‌ത്രീകൾക്കും അക്കരെ സന്നിധിയിൽ പ്രവേശനം അനുവദിക്കും.
Leave A Reply