കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ലോറിക്കടിയിൽപ്പെടാതെ കാറും സ്‌കൂട്ടറും രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ലോറിക്കടിയിൽപ്പെടാതെ കാറും സ്‌കൂട്ടറും രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌. സ്‌കൂട്ടറിനെ തൊട്ടുരുമ്മിയാണ്‌ ലോറി നിയന്ത്രണം വിട്ട്‌ പിറകോട്ടുപോയത്‌. നിറയെ ലോഡുള്ളതിനാൽ എല്ലാം ഒരു നിമിഷംകൊണ്ട്‌ കഴിഞ്ഞു. അപകടത്തിന്‌ ദൃക്‌സാക്ഷിയായ മണ്ണയാട്ടെ  കെ ശ്രീധരൻ പറഞ്ഞു.
   കൊടുവള്ളിയിലെ കടയിൽനിന്ന്‌ സാധനം വാങ്ങി വീട്ടിലേക്ക്‌ നടന്നുപോകുമ്പോഴാണ്‌ വാഹനം ഗേറ്റ്‌ കടന്നുവന്നത്‌. കയറ്റം കയറാൻ ബുദ്ധിമുട്ടുന്നത്‌ കണ്ടിരുന്നു. എൻടിടിഎഫിലേക്കുള്ള റോഡിലേക്ക്‌ കയറ്റാൻ വിളിച്ചുപറഞ്ഞെങ്കിലും അവർ കേട്ടില്ല. ആ വഴിയിലേക്ക്‌ കയറ്റിയിരുന്നെങ്കിൽ അപകടമുണ്ടാകുമായിരുന്നില്ല.
 നിമിഷനേരംകൊണ്ടാണ്‌ ലോറി നിയന്ത്രണം വിട്ട്‌ പിന്നോട്ടേക്ക്‌ നീങ്ങിയത്‌. റെയിൽവേ ഗേറ്റിലെ തൂൺ തകർത്ത്‌ ട്രാക്കിൽ കയറി നിന്നു–-ശ്രീധരൻ പറഞ്ഞു.  എയർ കാലിയായി ബ്രേക്ക്‌ ഡൗൺ ആയതാണെന്ന്‌ ലോറി ഡ്രൈവർ സരൺരാജ്‌ പറഞ്ഞു. അപകടത്തെ തുടർന്ന്‌ -കൊടുവള്ളി വഴിയുള്ള ഗതാഗതം നിർത്തി. റോഡ്‌ അടച്ചാണ്‌ ഗേറ്റിന്റെ തൂൺ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നത്‌.
  റെയിൽവേ ട്രാക്ക്‌ഇൻസ്‌പെക്‌ടർ എസ്‌ സജിത്ത്‌കുമാർ, അസിസ്‌റ്റന്റ്‌ ഡിവിഷണൽ എൻജിനിയർ ബർജാസ്‌ മുഹമ്മദ്‌, സീനിയർ സെക്ഷൻ എൻജിനിയർ വിപിൻ, ആർപിഎഫ്‌ എസ്‌ഐ എം കെ ശ്രീജേഷ്‌, ധർമടം എസ്‌ഐ ധന്യകൃഷ്‌ണൻ എന്നിവർ സ്ഥലത്തെത്തി. അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർമാരായ കെ മനോജ്‌കുമാർ, സി ഉല്ലാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഗ്നിരക്ഷാസേനയുടെ സേവനം.
Leave A Reply