സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കരിമ്പം ഫാമിൽ മഴക്കാല പച്ചക്കറി കൃഷിക്കായി വിത്ത് ഉൽപാദനം തുടങ്ങി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായാണ് മികച്ച വിളവ് ലഭിക്കുന്ന വിത്തുകൾ കരിമ്പം ഫാമിലെ വിത്തുൽപാദന കേന്ദ്രത്തിൽ തയ്യാറാക്കുന്നത്. സംസ്ഥാന ഹോൾട്ടി കൾച്ചറൽ മിഷനുമായി സഹകരിച്ചാണ് വിത്ത് ഒരുക്കുന്നത്.
ജൈവ കീടനാശിനികളും വളങ്ങളും കുറഞ്ഞ അളവിൽ രാസവളവും ചേർത്ത് ഉൽപാദിപ്പിച്ച വിളകളിൽനിന്നാണ് വിത്തുകൾ തയ്യാറാക്കുന്നത്. മികച്ച പ്രതിരോധ ശേഷിയുളള നാടൻ വിത്തിനങ്ങളാണ് ഉൽപാദിപ്പിച്ചത്. പ്രീത എന്നയിനം പാവൽ, സി ഒ പച്ച ചീര, അരുണ ചുവന്ന ചീര, കൗമുദി പടവലം, ലോല പയർ, അമ്പിളി മത്തൻ, കെ യു ലോക്കൽ കുമ്പളം, സൽക്കീർത്തി വെണ്ട വിത്തുകളാണ് തയ്യാറാവുന്നത്. വിത്തിനങ്ങൾ കരിമ്പം ഫാമിലെ നടീൽ വസ്തുക്കൾ വിൽപന നടത്തുന്ന കൗണ്ടർ വഴിയും കർഷകർക്ക് ലഭ്യമാക്കുമെന്ന് ഫാം സൂപ്രണ്ട് സ്മിത ഹരിദാസ് പറഞ്ഞു.