ഭൗമസൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ  മാമ്പഴത്തിന്റെ വിപണന കേന്ദ്രം അർബൻ സ്ട്രീറ്റ് മാർക്കറ്റിൽ

ഭൗമസൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ  മാമ്പഴത്തിന്റെ വിപണന കേന്ദ്രം ആർടിഒ ഓഫീസ്‌ പരിസരത്തെ അർബൻ സ്ട്രീറ്റ് മാർക്കറ്റിൽ. ജില്ലയുടെ ഉൾപ്രദേശങ്ങളിൽ ധാരാളമായുള്ള കുറ്റ്യാട്ടൂർ മാമ്പഴം നഗരപ്രദേശങ്ങളിൽ ലഭ്യമാക്കുക, കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ്‌  സ്റ്റാൾ തുടങ്ങിയത്.
പ്രവർത്തനം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ രണ്ട് ക്വിന്റൽ മാമ്പഴം വിറ്റു.  ബുധൻ, വെള്ളി ദിവസങ്ങളിലാണ് സ്റ്റാൾ പ്രവർത്തിക്കുക. കിലോയ്‌ക്ക്‌ 50 രൂപയാണ് വില.  വരും ദിവസങ്ങളിൽ മൂല്യവർധിത ഉൽപ്പന്നങ്ങളായ മാമ്പഴ ജാം, സ്‌ക്വാഷ്, പച്ച മാങ്ങാ ജാം, പച്ച മാങ്ങാ സ്‌ക്വാഷ്, പച്ച മാങ്ങാ പൗഡർ, കറി മാങ്ങ, അടമാങ്ങ, മാങ്ങയച്ചാർ, മാങ്ങാ കച്ച് മാങ്ങാ സോഡ എന്നിവയും കുറ്റ്യാട്ടൂർ  അരിയും വിൽപ്പനയ്‌ക്കുണ്ടാവും.  മാവിന്റെ ഗ്രാഫ്റ്റ് തൈകളും വിൽപ്പനക്കുണ്ട്.
  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ  ഉദ്ഘാടനംചെയ്‌തു.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മാമ്പഴ  വിപണന കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് പി പി ദിവ്യ പറഞ്ഞു.  ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി അനിത അധ്യക്ഷയായി.
Leave A Reply