മാഞ്ചസ്‌റ്റര്‍ സിറ്റിയെ വിടാതെ പിടിച്ച്‌ ലിവര്‍പൂള്‍

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്‌. ആദ്യസ്‌ഥാനക്കാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയെ വിടാതെ പിടിച്ച്‌ ലിവര്‍പൂള്‍. ഇന്നലെ നിര്‍ണായകമത്സരത്തില്‍ ആസ്‌റ്റണ്‍ വില്ലയെ വീഴ്‌ത്തിയ ചെമ്പട കിരീടപോരാട്ടം കനപ്പിച്ചു. ജയത്തോടെ ലിവര്‍പൂളിന്‌ 36 മത്സരങ്ങളില്‍ 86 പോയിന്റായി.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ലിവര്‍പൂളിന്‌ പ്രഹരമേറ്റു. ഡഗ്ലസ്‌ ലൂയിസിന്റെ ഗോള്‍ വില്ലാ ആരാധകരെ ആഹ്‌ളാദത്തേരേറ്റി. ഇടതുവിങ്ങില്‍നിന്ന്‌ ദിഗ്‌നെ പെനാല്‍റ്റിബോക്‌സിലേക്കു മറിച്ച ലൂയിസ്‌ ഹെഡ്‌ ചെയ്‌തത്‌ ഗോള്‍കീപ്പര്‍ ആലിസണ്‍ ബാക്കര്‍ കുത്തിയകറ്റി.

 

റീബൗണ്ട്‌ ചെയ്‌തപന്ത്‌ ലൂയിസ്‌തന്നെ ഇടംകാലിന്‌ വലയിലാക്കി. വില്ലയുടെ ആഹ്‌ളാദത്തിനു മൂന്നു മിനിറ്റിന്റെ ആയുസ്‌ മാത്രമാണുണ്ടായിരുന്നത്‌. ഫ്രീകിക്കില്‍നിന്നു ബോക്‌സിലേക്കെത്തിയ പന്ത്‌ ക്ലിയര്‍ ചെയ്യുന്നതില്‍ മിങ്‌സും നകാംബയും വരുത്തിയ പിഴവ്‌ ലിവര്‍പൂളിന്റെ സമനിലഗോളില്‍ കലാശിച്ചു. വില്ല ബോക്‌സിലെ കൂട്ടപ്പൊരിച്ചിലില്‍ ജോട്ട പന്ത്‌ വാന്‍ഡെയ്‌ക്കിനു മറിച്ചു നല്‍കി. വാന്‍ഡെയ്‌ക്കിന്റെ ഷോട്ട്‌ ഗോളി മാര്‍ട്ടിനെസ്‌ പ്രതിരോധിച്ചെങ്കിലും തട്ടിത്തെറിച്ചെത്തിയ പന്ത്‌ സ്‌ളൈഡിങ്ങിലൂടെ ജോയെല്‍ മാറ്റിപ്‌ ലക്ഷ്യത്തിലെത്തിച്ചു.

ഒരുമത്സരം കുറച്ചു കളിച്ച സിറ്റിക്കും ഇതേപോയിന്റുതന്നെ. ലിവര്‍പൂളിന്‌ ഇനി ശേഷിക്കുന്നതു രണ്ടു മത്സരങ്ങള്‍. ഇതില്‍ തോല്‍വിയോ സമനിലയോ വഴങ്ങേണ്ടിവന്നാല്‍ അതു കിരീട സാധ്യതയെ പ്രതികൂലമായി ബാധിക്കും. 18 നു സതാംപ്‌ടണും 22 ന്‌ വോള്‍വ്‌സുമാണ്‌ അവസാന രണ്ടു മത്സരങ്ങളിലെ ലിവര്‍പൂളിന്റെ എതിരാളികള്‍. ഇതില്‍ രണ്ടിലും ജയിച്ചാലും സിറ്റിയുടെ ജയ-പരാജയമാകും യുര്‍ഗന്‍ ക്ലോപ്പിന്റെയും സംഘത്തിന്റെയും കിരീടസാധ്യത നിര്‍ണയിക്കുന്നത്‌.

ഇന്നലെ വില്ലാ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പിന്നില്‍നിന്നു പൊരുതിക്കയറിയാണ്‌ ലിവര്‍പൂള്‍ മുഴുവന്‍ പോയിന്റും അക്കൗണ്ടിലെത്തിച്ചത്‌. ലിവര്‍പൂളിന്റെ പഴയതാരം സ്‌റ്റീവന്‍ ജെറാഡ്‌ പരിശീലിപ്പിക്കുന്ന ആസ്‌റ്റണ്‍ വില്ല സ്വന്തം തട്ടകത്തില്‍ 4-3-1-2 ശൈലിയിലാണു കളത്തിലിറങ്ങിയത്‌. ലിവര്‍പൂളാകട്ടെ 4-3-3 ശൈലിയിലും. ആഴ്‌ചാവസാനത്തിലെ എഫ്‌.എ. കപ്പ്‌ കലാശപ്പോരു മുന്നില്‍ക്കണ്ട്‌ ടോട്ടനത്തിനെതിരേ കഴിഞ്ഞ കളിയില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന അഞ്ചുപേരെ പുറത്തിരുത്തിയാണ്‌ ക്ലോപ്പ്‌ ടീമിനെ ഇറക്കിയത്‌. കെയ്‌റ്റ, ജോണ്‍സ്‌, മാറ്റിപ്‌, സിമിക്കാസ്‌, ജോട്ട എന്നിവര്‍ ആദ്യഇലവനിലെത്തി. മുഹമ്മദ്‌ സല, കൊനാറ്റെ, ഹെന്‍ഡേഴ്‌സണ്‍, തിയാഗോ, റോബര്‍ട്ട്‌സണ്‍ എന്നിവര്‍ സൈഡ്‌ബെഞ്ചിലായി.

 

Leave A Reply