ഐ.പി.എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള അവസരം പാഴാക്കി രാജസ്ഥാന് റോയല്‍സ്. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ തോല്‍വി എട്ടു വിക്കറ്റിന്. രാജസ്ഥാന് ഉയര്‍ത്തിയ 161 റണ്‍ വിജയലക്ഷ്യം ഡല്‍ഹി 11 പന്ത് ബാക്കി നില്‍ക്കെ മറികടന്നു.
രണ്ടാം പന്തില്‍ വിക്കറ്റ് വീഴ്ത്തി ട്രെന്റ് ബോള്‍ട്ട് രാജസ്ഥാനു മികച്ച തുടക്കം നല്‍കിയെങ്കിലും ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ ഡല്‍ഹി അനായാസം വിജയതീരമണഞ്ഞു. ഐ.പി.എല്ലിലെ തന്റെ കന്നി അര്‍ധസെഞ്ചുറി(38 പന്തില്‍ 50) കുറിച്ച രാജസ്ഥാന്റെ രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനം പാഴായി. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള രാജസ്ഥാനെ നാണംകെടുത്തുന്ന ബാറ്റിങ്ങാണ് വാര്‍ണറും മാര്‍ഷും കാഴ്ചവച്ചത്.
മൂന്നോവറില്‍ 25 റണ്‍ വഴങ്ങി രാജസ്ഥാന്റെ രണ്ടു വിക്കറ്റ് വീഴ്ത്തിയ മാര്‍ഷ് ബാറ്റിങ്ങിനിറങ്ങി 62 പന്തില്‍ ഏഴു സിക്സും അഞ്ചുഫോറുമായി 89 റണ്ണടിച്ച് ടീമിന്റെ ടോപ്സ്കോററായി. ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ പുറത്താകാതെ 52 റണ്‍ നേടി. നാലു പന്തില്‍ രണ്ടു സിക്സടക്കം 13 റണ്ണടിച്ച ക്യാപ്റ്റന്‍ ഋഷഭ് പന്തായിരുന്നു വാര്‍ണര്‍ക്കു കൂട്ട്.