ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ

ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ. മരുതറോഡിൽ നിർമിക്കുന്ന വർക്കിങ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയത്തിന്റെയും കല്ലിടൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പ് വിഭാവനം ചെയ്ത 30 ലീഗൽ മീറ്ററോളജി വകുപ്പിന്റെ ഒമ്പത് പദ്ധതിയും യാഥാർഥ്യമായതായി മന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പിന്റെ വർക്കിങ് സ്റ്റാൻഡേർഡ് ഉപകരണങ്ങൾ സൂക്ഷിക്കാൻ അത്യാധുനിക രീതിയിലുള്ള മൂന്ന് ലബോറട്ടറികളാണ് മരുതറോഡ് ഒരുക്കിയത്‌.
25 സെന്റിൽ 3.8 കോടി രൂപയിൽ നിർമിക്കുന്ന ലാബുകളുടെ നിർമാണച്ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. 1382 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ ലബോറട്ടറികൾക്ക് പുറമെ വെരിഫിക്കേഷൻ, സീഷർ റൂമുകളും ലൈബ്രറി, കോൺഫറൻസ് ഹാളും സജ്ജമാക്കും.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ ശോഭന, പഞ്ചായത്ത് അംഗം ജി നിഷ, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ കെ ടി വർഗീസ് പണിക്കർ, ജോയിന്റ് ഡയറക്ടർ ജെ സി ജീസൺ എന്നിവർ സംസാരിച്ചു.
Leave A Reply