കമ്യൂണിസ്റ്റ് പാർട്ടിയോട് കളിക്കാൻ നിൽക്കേണ്ടന്ന് പന്ന്യൻ രവീന്ദ്രന്റെ താക്കീത്

കമ്യൂണിസ്റ്റ് പാർട്ടിയോട് കളിക്കാൻ നിൽക്കേണ്ടന്ന് പന്ന്യൻ രവീന്ദ്രൻ താക്കീത് നൽകി . തോക്കിന് മുന്നിൽ പോലും പതറാത്ത കമ്യൂണിസ്റ്റ് പാർട്ടിയോട് കളിക്കാൻ വന്നാൽ എതിർക്കേണ്ടി വരുമെന്ന് കോൺഗ്രസ് ഓർക്കണം .

ചാരുംമൂട്ടിൽ സിപിഐയുടെ കൊടികൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തതിൽ ശക്തമായ പ്രതിഷേധമാണുള്ളത് .

പഴയകാല കോൺഗ്രസ് അല്ല ഇന്ന് നിലവിലുള്ളത്. ഇപ്പോഴത്തെ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിത്തല പോക്കറ്റിലാക്കാനുള്ള തന്ത്രങ്ങൾ മെനയുന്ന കോൺഗ്രസാണ്. അടിയുടെയും ഇടിയുടെയും തൊഴിയുടെയും വെടിയുണ്ടകൾക്ക് മുന്നിലും പതറാതെ നിന്നിട്ടുള്ള പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി.

പുന്നപ്ര–വയലാർ സമരങ്ങളിലൂടെ അത് തെളിയിച്ചിട്ടുണ്ട്. കേരളം കൊണ്ടുവരുന്ന എല്ലാ പദ്ധതികൾക്കും തടയിടുന്ന, കേന്ദ്രത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു . കമ്യൂണിസ്റ്റ് പാർട്ടിയുടെ തലയിൽ കയറാൻ വന്നാൽ രക്ഷപ്പെടാൻ കഴിയുമെന്ന് കോൺഗ്രസ് കരുതേണ്ട.

നിയമത്തിൽ വെള്ളം ചേർക്കാൻ പൊലീസ് ശ്രമിക്കരുത്. ഇവിടെ പൊലീസ് നിയമ നടപടികളുടെ കാര്യത്തിൽ മായം കലർത്തിയിരിക്കുകയാണെന്നും പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു . ചാരുംമൂടിൽ കുറച്ചു ദിവസമായി സംഘർഷം തുടരുകയാണ് . കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്  ഓഫിസ് കോൺഗ്രസ് പ്രവർത്തകർ പൂട്ടിച്ചിരുന്നു .

ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കിയ ശേഷമാണ് ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്ത് പൂട്ടിയത്. സ്ഥലത്തേക്ക് പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസ് പൂട്ടിച്ചത്. ഇതേ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു .

സിപിഐ-കോൺഗ്രസ് സംഘർഷത്തിൽ 12 കോൺഗ്രസ് പ്രവർത്തകർക്കും 2 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. കോൺഗ്രസ് ഓഫീസിന്  സമീപം CPI സ്ഥാപിച്ച കൊടി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Video Link
Leave A Reply