എര്‍ലിങ്‌ ഹാളണ്ട്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയിലേക്ക്‌

ജര്‍മന്‍ ബുണ്ടസ്‌ ലീഗ ക്ലബ്‌ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിന്റെ നോര്‍വീജിയന്‍ ഗോളടിയന്ത്രം എര്‍ലിങ്‌ ഹാളണ്ട്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയിലേക്ക്‌. ഹാളണ്ട്‌ അടുത്ത സീസണ്‍ മുതല്‍ തങ്ങള്‍ക്കായി പന്തുതട്ടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പിച്ചെന്ന വിവരം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ വമ്പന്‍മാര്‍തന്നെയാണു പുറത്തുവിട്ടത്‌. സിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.

ഹാളണ്ടിന്റെ കൈമാറ്റം സംബന്ധിച്ച്‌ ഡോര്‍ട്ട്‌മുണ്ട്‌ മാനേജ്‌മെന്റുമായി തത്വത്തില്‍ ധാരണയിലെത്തി. ഈവര്‍ഷം ജൂലൈ ഒന്നുമുതല്‍ ഹാളണ്ട്‌ ഔദ്യോഗികമായി സിറ്റി താരമാകും. കരാര്‍ത്തുകയും മറ്റു്‌ വിശദാംശങ്ങളും ഹാളണ്ടും ക്ലബുമായി നടത്തുന്ന അന്തിമ നിബന്ധനകള്‍ക്കു വിധേയമായി പുറത്തുവിടുമെന്നുമായിരുന്നു മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ട്വീറ്റ്‌.

51 ദശലക്ഷം പൗണ്ടി(ഏകദേശം 4,86,15,19,289 രൂപ) നാണ്‌ സിറ്റി ട്രാന്‍സ്‌ഫര്‍ സാധ്യമാക്കിയതെന്നാണു സൂചന. അഞ്ചുവര്‍ഷത്തെ കരാറിലാകും ഇരുപത്തൊന്നുകാരനായ താരം ഒപ്പുവയ്‌ക്കുക. ഡോര്‍ട്ട്‌മുണ്ടിന്റെ ബുണ്ടസ്‌ ലീഗയിലെ കുതിപ്പിനു പിന്നിലെ ചാലകശക്‌തിയായ ഹാളണ്ടിനായി യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ രംഗത്തുണ്ടായിരുന്നു.

സിറ്റിയിലേക്ക്‌ കൂടുമാറുന്നതോടെ പിതാവ്‌ ആല്‍ഫ്‌ ഇന്‍ഗ്‌ ഹാളണ്ടിന്റെ വഴിയേയാണു ഹാളണ്ടിന്റെ സഞ്ചാരമെന്നും വ്യക്‌തം. മൂന്നുവര്‍ഷത്തോളം സിറ്റിക്കായി ബൂട്ടണിഞ്ഞ താരമാണ്‌ ഹാളണ്ടിന്റെ പിതാവ്‌ ആല്‍ഫ്‌.

Leave A Reply