പ്രവാസികൾക്ക്‌ പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്ന്‌ കേരള പ്രവാസിസംഘം ജില്ലാ സമ്മേളനം

എമിഗ്രേഷൻ ഇനത്തിൽ പ്രവാസികളിൽനിന്നും കേന്ദ്ര സർക്കാർ പിടിച്ചുവച്ചിട്ടുള്ള തുക ഉപയോഗിച്ച്‌ തിരിച്ചുവന്നിട്ടുള്ള പ്രവാസികൾക്ക്‌ പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്ന്‌ കേരള പ്രവാസിസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 60 വയസ്സ്‌ പിന്നിട്ട ക്ഷേമനിധിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത പ്രവാസികൾക്ക്‌ ഒറ്റത്തവണ ധനസഹായം അനുവദിക്കണം. തിരിച്ചെത്തിയവരെ കൂടി ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ നിയമ നിർമാണം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി ലയൺസ്‌ ക്ലബ്‌ ഹാളിലെ റഷീദ്‌ കൂരിയാടൻ–- അയൂബ്‌ കടൽമാട്‌ നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്‌ഘാടനം ചെയ്‌തു. മേരി രാജു, സി കെ ഷംസുദ്ദീൻ, പി അബ്ദുൾ ഗഫൂർ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി കെ കെ നാണു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം സി അബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

 

ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്‌, എൻജിഒ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി ജെ ഷാജി, എസ്‌എഫ്‌ഐ ഏരിയാ പ്രസിഡന്റ്‌ ബി രാഹുൽ, പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറി ഷാജി കോട്ടയിൽ എന്നിവർ സംസാരിച്ചു. സ്വരാജ്‌ ട്രോഫി നേടിയ ബത്തേരി നഗരസഭക്കുള്ള റഷീദ്‌ കൂരിയാടൻ പ്രവാസി സാമൂഹ്യ പുരസ്‌കാരവും എഴുത്തുകാരൻ അർഷാദ്‌ ബത്തേരിക്കുള്ള പ്രവാസി സാഹിത്യ പുരസ്‌കാര വിതരണവും ബാദുഷ കടലുണ്ടി നിർവഹിച്ചു. സമ്മേളനത്തിൽ മുതിർന്ന പ്രവാസികളെ ആദരിച്ചു. ഭാരവാഹികൾ: കെ കെ നാണു (പ്രസിഡന്റ്‌), സരുൺ മാണി (സെക്രട്ടറി), സി കെ ഷംസുദ്ദീൻ (ട്രഷറർ).

Leave A Reply