കട്ടപ്പന : അണക്കരയിലെ മത്സ്യ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിന്നും പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി.ഉപയോഗശൂന്യമായ 22 കിലോ പച്ച മത്സ്യം ഏഴാംമൈല്‍ ജംഗ്ഷനിലെ സോണി ഫിഷറീസില്‍ നിന്നും 10 കിലോ ഉണക്ക മത്സ്യം അണക്കര ടൗണിലെ സ്ഥാപനത്തില്‍ നിന്നുമാണ് പിടികൂടിയത്.മത്സ്യം കഴിച്ച ആളുകളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചക്കുപള്ളം പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികളില്‍ കൂടുതല്‍ ആളുകള്‍ക്കും വയറിളക്കം,ഛര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളെന്ന് വ്യക്തമാവുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ മേഖലകളിലായി മത്സ്യം കഴിച്ച ആളുകളില്‍ സമാന രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് സാഗര്‍റാണി എന്ന പേരില്‍ ജില്ലയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.
പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.പഴകിയ മത്സ്യം വിറ്റ അണക്കരയിലെ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .വീണ്ടും കേടായ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് അടക്കം റദ്ദാക്കും.ചക്കുപള്ളം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശരണ്‍ ഗോപാലന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി. എല്‍ സിജി, അഖിലാ ദാസ് എന്നിവരാണ് മത്സ്യ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.