മറയൂരില്‍ വീണ്ടും ചന്ദനമരം മുറിച്ച നിലയില്‍ കണ്ടെത്തി

മറയൂര്‍: പള്ളനാട് സ്വദേശി രാമചന്ദ്രന്റെ പറമ്ബില്‍ നിന്ന് ചന്ദനമരം മുറിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് പറമ്ബില്‍ നിന്ന് ചന്ദനമരം മുറിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രിയിലാണ് ചന്ദന മരം മുറിച്ചുകടത്താന്‍ ശ്രമം നടന്നത്. എന്നാല്‍ പുരയിടത്തില്‍നിന്ന് ശബ്ദം കേട്ട് ഉടമസ്ഥന്‍ എത്തിയതോടെ മുറിച്ച ചന്ദനം ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. പ്രദേശത്ത് കാട്ടു പന്നികളുടെ ശല്യവും കൂടുതലാണ്. പറമ്ബില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ കാട്ടുപന്നികള്‍ കാപ്പി കൃഷി നശിപ്പിക്കാന്‍ എത്തിയതാണെന്ന് കരുതി.

പറമ്ബില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ ആരോ ഓടി മറയുന്നതാണ് കണ്ടത്. രാവിലെ പറമ്ബില്‍ ചെന്ന് നോക്കുമ്ബോഴാണ് ഒരു ചന്ദന മരം മുറിച്ച നിലയിലും ഒരു മരം പകുതി മുറിച്ച നിലയിലും കണ്ടെത്തിയത്. ചന്ദന മോഷണം പ്രദേശത്ത് തുടര്‍ക്കഥയാവുകയാണ്. ഇതിനു മുമ്ബും പലതവണ ഇവിടെ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം നടന്നിട്ടുണ്ട് .എന്നാല്‍ പല തവണ പരാതി നല്‍കിയിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിനു മുമ്ബ് മുറിച്ചു കടത്താന്‍ ശ്രമിച്ച ചന്ദന തടികള്‍ പോലും സ്ഥലത്തുനിന്നും മാറ്റിയിട്ടില്ല. ചന്ദന തൈകള്‍ സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്താന്‍ ഫോറസ്റ്റ് അധികൃതര്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. രാമചന്ദ്രന്റെ പറമ്ബിലെ മറ്റു ചന്ദന മരങ്ങളിലും മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്.

Leave A Reply