കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ (Thrikkakara By Election) സിപിഎം (CPIM) സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് (K Sudhakaran) മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). ‘കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്’ എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

തൃക്കാക്കരയിൽ സിപിഎം ഒരു സജീവ പ്രവർത്തകനെയല്ലേ നിർത്തേണ്ടിയിരുന്നതെന്ന് ഇന്നലെ സുധാകരന്‍ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് വീണ്ടും ഒരു ഡോക്ടറെ നിർത്തിയത്? ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശിവന്‍കുട്ടി നല്‍കിയിരിക്കുന്നത്.

അതേസമയം, തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സിറോ മലബാർ സഭയിൽ തർക്കം നടക്കുകയാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി അല്ലെന്നും  പിന്തുണയ്ക്കാനാകില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ പറയുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടില്ലെന്നാണ് കർദ്ദിനാൾ അനുകൂല വിഭാഗം വ്യക്തമാക്കുന്നത്.

Leave A Reply