കെ സുധാകരന്റെ നിഴലിനെപ്പോലും ഭയക്കുന്നയാളാണ് വെല്ലുവിളിക്കുന്നത്

കെ സുധാകരന്റെ നിഴലിനെപ്പോലും ഭയക്കുന്നയാളാണ് വെല്ലുവിളിക്കുന്നത്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ സിപിഐഎം നേതാവുമായ കെ പി അനില്‍ കുമാറിനെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്ക്. അനില്‍ കുമാറിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും. ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്ന് കെ.പി.അനില്‍കുമാര്‍ പറഞ്ഞിരുന്നു. ‘ഒരു കാര്യം ഞാന്‍ സുധാകരനോട് പറയാന്‍ ആഗ്രഹിക്കുന്നു. സുധാകരന്‍ പറയുന്നു എന്റെ കുട്ടികളെ ഞാന്‍ അയച്ചു. ആര്‍ക്കെതിരെ, എസ്.എഫ്.ഐക്കാരനെ കുത്തി മലര്‍ത്താന്‍. സുധാകരാ, കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കാമെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയം നടത്താം. അതല്ല പേപ്പട്ടിയെ പോലെ ആളുകളെ ഉപദ്രവിച്ച് റോഡിലൂടെ നടക്കുകയാണെങ്കില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ കൈകാര്യം ചെയ്യാന്‍ ആണുങ്ങളുണ്ട് കേരളത്തിലെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം.

കൊലകൊല്ലിയെ പോലെ ആര്‍ത്തട്ടഹിച്ചാണ് സുധാകരനിവിടെ നടക്കുന്നതെങ്കില്‍, ആ കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാനുള്ള ചങ്കൂറ്റവും ഉശിരുമുള്ള കുട്ടികളാണ് ഇവിടെ ഇരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സുധാകരന് സാധിക്കണം,’ എന്ന് അനില്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രസ്താവനക്കെതിരെ ടി.ജെ. വിനോദ് എംഎല്‍എ പ്രതികരിച്ചു. സുധാകരന്റെ നിഴല്‍ കണ്ടപ്പോള്‍ തന്നെ പേടിച്ചു പാര്‍ട്ടി വിട്ടോടിയവനാണ് കെ.പി. അനില്‍കുമാറെന്ന് അദ്ദേഹം പരിഹസിച്ചു. ‘അനിലേ… വല്ലവരുടെയും തണലില്‍ കുരയ്ക്കന്‍ നിലപാടില്ലാത്ത ആര്‍ക്കും പറ്റും. ആവേശത്തില്‍ മൈക്ക് പിടിച്ചു വെല്ലുവിളിക്കാനല്ലാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിഴല്‍ കണ്ടപ്പോള്‍ തന്നെ പേടിച്ചു പാര്‍ട്ടി വിട്ടോടിയവര്‍ക്ക് വേറെന്ത് ചെയ്യാന്‍ പറ്റും,’ ടി.ജെ. വിനോദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തന്റെ കുട്ടികള്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്നുമുള്ള സുധാകരന്റെ വാക്കുകള്‍ക്ക് മറുപടിയായിരുന്നു അനില്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡിവൈഎഫ്‌ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഃഖമല്ല ആഹ്ലാദമാണ്, എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുധാകരനെ ന്യായീകരിച്ച് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തിയിരുന്നു. സുധാകരന്‍ കണ്ണൂര്‍ ശൈലിയില്‍ കാര്യം പറയുകയായിരുന്നു എന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്.

ധീരജിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. കെ. സുധാകരന് നിലവിലുള്ള ഗണ്‍മാന് പുറമേ കമാന്റോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കണം. കെപിസിസി പ്രസിഡന്റ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം. സുധാകരന്റെ വീടിന് പൊലീസ് കാവല്‍ നല്‍കണം തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങളാണ് ഇന്റലിജന്‍സ് മുന്നോട്ട് വെച്ചത്.

Video Link: https://youtu.be/Rwb-Mi1V074

Leave A Reply
error: Content is protected !!