നാട്ടിലേക്ക് ആദ്യമായി റോഡ് വരുന്നു; ആഘോഷമാക്കി കശ്മീരിലെ ഗ്രാമം

നാട്ടിലേക്ക് ആദ്യമായി റോഡ് വരുന്നു; ആഘോഷമാക്കി കശ്മീരിലെ ഗ്രാമം

സാംബ: ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ റോഡ് എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ജമ്മു കശ്മീരിലെ സാംബ ജില്ലയിലുളള ദാരൂയി പഞ്ചായത്തിലെ നാട്ടുകാർ. റോഡ് പണിക്കായി ജെസിബി ഉൾപ്പെടെയുളള നിർമാണയന്ത്രങ്ങൾ കൊണ്ടിറക്കിയപ്പോൾ തന്നെ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തുമാണ് ഇവർ ആഘോഷമാക്കിയിരിക്കുന്നത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങളായിട്ടും സ്വന്തം ഗ്രാമത്തിലേക്ക് ഒരു റോഡ് പോലുമില്ലാത്തത് ദാരുയി പഞ്ചായത്തുകാരുടെ തീരാവേദനയായിരുന്നു. ഈ സങ്കടത്തിനാണ് ഇപ്പോൾ പരിഹാരമായത്. രണ്ട് കോടി രൂപ 29 ലക്ഷം രൂപ ചെലവിൽ 2.5 കിലോമീറ്റർ ദൂരത്താണ് ഇവിടെ റോഡ് നിർമ്മിക്കുന്നത്. കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നബാർഡിന് കീഴിലാണ് റോഡ് നിർമാണത്തിന് തുക അനുവദിച്ചിരിക്കുന്നത്.

സ്‌കൂളിൽ പോകുന്ന കുട്ടികൾ മുതൽ ഗർഭിണികളായവരും പ്രായമായവരും വരെ റോഡില്ലാത്തതിന്റെ ദുരിതം അനുഭവിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രായമായവരെ അസുഖം വന്നാൽ കട്ടിലിൽ എടുത്തുകൊണ്ടാണ് ഗതാഗതസൗകര്യമുളളിടത്തേക്ക് എത്തിച്ചിരുന്നത്. ഗ്രാമത്തിന്റെ ഇരുവശങ്ങളിലും നദികളുണ്ട്. അതുകൊണ്ടു തന്നെ മഴസമയത്ത് സ്‌കൂളിൽ പോകുന്ന കുട്ടികളെ തോളിലെടുത്തുകൊണ്ടാണ് രക്ഷിതാക്കൾ കൊണ്ടുവിടുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നത്.

Leave A Reply
error: Content is protected !!