‘കൊവിഡ് ചികിത്സക്കായി നി‌‌ർദേശിക്കുന്നത് അനാവശ്യ മരുന്നുകളും ടെസ്റ്റുകളും’; പരാതിയുമായി ഡോക്ടർമാർ

‘കൊവിഡ് ചികിത്സക്കായി നി‌‌ർദേശിക്കുന്നത് അനാവശ്യ മരുന്നുകളും ടെസ്റ്റുകളും’; പരാതിയുമായി ഡോക്ടർമാർ

മുംബൈ: കൊവിഡ് ചികിത്സയുടെ പേരിൽ അനുചിതമായ മരുന്നുകളും പരിശോധനാ മാർഗങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മുതി‌ർന്ന ഡോക്ടർമാർ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി. കൊവിഡ് ചികിത്സയിൽ കഴിഞ്ഞ വർഷത്തെ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുകയാണെന്ന് 32 പ്രമുഖ ഡോക്ടർമാർ എഴുതിയ തുറന്ന കത്തിൽ പറയുന്നു.പകർച്ചാവ്യാധിയുടെ ആദ്യ രണ്ട് ഘട്ടത്തിലേതുപോലെ മരുന്നുകളുടെ അനാവശ്യ ഉപയോഗം ആവർത്തിക്കുന്നത് ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

ഇത്തരം പ്രവണതകൾ അടിയന്തരമായി തടയേണ്ടതുണ്ടെന്നും വിദഗ്ദ്ധർ കത്തിൽ ചൂണ്ടിക്കാട്ടി. നേരിയ രോഗ ലക്ഷണങ്ങളോ ലക്ഷണങ്ങളില്ലാത്തവരോ ആയ രോഗികൾക്ക് മരുന്നിന്റെ ആവശ്യമില്ലെന്നും അനാവശ്യ ചികിത്സകൾ ഇന്ത്യയിൽ മ്യുകോർമൈകോസിസ് എന്ന ഫംഗസ് ബാധയ്ക്കും ബ്രസീലിൽ അസ്പെർഗില്ലോസിസ് എന്ന രോഗത്തിനും കാരണമായെന്നും ഡോക്ടർമാർ കത്തിൽ വെളിപ്പെടുത്തി.

വിറ്റാമിൻ കോമ്പിനേഷനുകൾ, അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഫാവിപിരാവിർ, ഐവർമെക്റ്റിൻ എന്നിവ കൊവിഡ് ചികിത്സയ്ക്കായി നിർദ്ദേശിക്കുന്നത് യുക്തിരഹിതമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!