കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോഴിക്കോട് തൊണ്ടയാട് പാലാട്ടുകാവിൽ എൻഎച്ച് ബൈപാസിനു സമീപം കണ്ടെത്തിയ കാട്ടുപന്നിയെ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നു. കഴിഞ്ഞദിവസം കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടർന്നു വാഹനാപകടം നടന്ന സ്ഥലത്തിനു സമീപമാണ് ഇന്നലെ രാവിലെ പന്നിയെ വീണ്ടും കണ്ടത്. റോഡിനോടു ചേർന്ന്, താഴ്ന്നുകിടക്കുന്ന ചതുപ്പിൽ കുറ്റിക്കാടുകൾക്കിടയിൽ കഴിയുകയായിരുന്നു പന്നി. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ താമരശ്ശേരി റേഞ്ച് ഓഫിസിൽ നിന്നുള്ള വനംവകുപ്പ് ദ്രുതകർമസേനയും സ്ഥലത്തെത്തി. വനംവകുപ്പ് എംപാനൽ ഷൂട്ടർ സി.എം.ബാലനെത്തിയാണു പന്നിയെ വെടിവച്ചത്. 4 വെടി കൊണ്ട ശേഷമാണ് പന്നി ചത്തത്.

തുടർന്ന് വനംവകുപ്പ് പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്തു. 13ന് പുലർച്ചെ ഇവിടെ പന്നി കുറുകെ ചാടിയതിനെത്തുടർന്ന് പിക്കപ് വാനും മറ്റൊരു വാനും കൂട്ടിയിടിച്ച് ചേളന്നൂർ സ്വദേശി സിദ്ദീഖ് മരിച്ചിരുന്നു. എന്നാൽ, ഇന്നലെ വെടിവച്ചുകൊന്ന പന്നി ഈ അപകടത്തിൽ ഉൾപ്പെട്ടതു തന്നെയാണോ എന്നുറപ്പിക്കാൻ സാധിക്കില്ല. പോസ്റ്റ്മോർട്ടം പരിശോധനയിൽ ആന്തരികാവയവങ്ങൾക്കു പരുക്കേറ്റതായി കാണുന്നില്ല.

Leave A Reply
error: Content is protected !!