യു പി യിൽ ബിജെപിക്ക് അടിതെറ്റും ; നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായി

യു പി യിൽ ബിജെപിക്ക് അടിതെറ്റും ; നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായി

തിരഞ്ഞെടുപ്പുകാലത്താണ് രാഷ്ട്രീയ കാലുമാറ്റക്കാർക്ക് ചാകര. കൂറുമാറ്റ നിരോധന നിയമത്തെ ഭയക്കേണ്ടതുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വന്തം കൂടുവിട്ട് എവിടെയും ചേക്കാറാമെന്ന നിലയാണ്. അതുവരെ താങ്ങും തണലുമായി നിന്ന പാർട്ടിയെ തള്ളിപ്പറയാനും പുതിയ മേച്ചിൽപ്പുറം തിരഞ്ഞെടുക്കാനും ഒരു ജാള്യതയും തോന്നാത്ത സമയം .

എങ്ങോട്ടു ചാഞ്ഞാലാണ് കൂടുതൽ ലാഭമെന്നു വിലയിരുത്താൻ കഴിയണമെന്നു മാത്രം. നിയമസഭാ തിരഞ്ഞടുപ്പു തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞ യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കാലുമാറ്റങ്ങളുടെ ഒഴുക്കാണ് .

പത്രിക സമർപ്പിക്കാനുള്ള തീയതി വരെയും ഈ അഭ്യാസം തുടരും . ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കാറുള്ള യു.പിയിൽ നിന്നാണ് ഇക്കുറി കാലുമാറ്റത്തിന്റെ തുടക്കം. ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‌കി മൂന്ന് മന്ത്രിമാരും അരഡസൻ എം.എൽ.എമാരും പാർട്ടിവിട്ടു.

ഇവരെ അനുഗമിക്കാൻ വേറെയും എം.എൽ.എമാർ ഉണ്ടാകുമെന്ന സൂചനയുമുണ്ട്. തൊഴിൽ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയുടെ ഒഴിഞ്ഞുപോക്ക് അക്ഷരാർത്ഥത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് ബി.എസ്.പി വിട്ട് ബി.ജെ.പിയിലെത്തിയ അദ്ദേഹം കിഴക്കൻ യു.പിയിൽ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവാണ്.

കഴിഞ്ഞദിവസം യോഗി മന്ത്രിസഭയിൽ നിന്നു രാജിവച്ച് വനം മന്ത്രി ധാരാസിംഗ് കൂടി മറുകണ്ടം ചാടിയത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഗുർജർ വിഭാഗം നേതാവായ അവ്‌‌താർ സിംഗ് കൂടി ധാരാസിംഗിനൊപ്പം പാർട്ടി വിട്ടു. ബി.ജെ.പി സിറ്റിംഗ് എം.എൽ.എമാരിൽ 45 പേർക്ക് സീറ്റ് നല്‌കില്ലെന്നു പാർട്ടി നേതൃത്വം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കൂറുമാറ്റം ഇനിയും പ്രതീക്ഷിക്കാം.

ഒരുകാലത്ത് ലോക്‌സഭയിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ അംഗങ്ങളെ സംഭാവന ചെയ്തിരുന്നത് യു.പിയാണെങ്കിൽ ഇന്ന് ആ പാർട്ടിയുടെ സ്ഥിതി അതിദയനീയമാണ്. കഴിഞ്ഞതവണ ആകെ ജയിച്ചുവന്ന ആറ് എം.എൽ.എമാരിൽ രണ്ടുപേർ കൂറുമാറി ബി.ജെ.പിയിലും സമാജ്‌വാദി പാർട്ടിയിലും ചേർന്ന് ഭാഗ്യം തേടുകയാണ്.

ഇപ്പോൾ കൂറുമാറിയവരൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മറ്റു പാർട്ടികളിൽ നിന്നു വന്നുചേർന്നവരാണ്. ആദർശങ്ങൾക്കുപരി അധികാര രാഷ്ട്രീയത്തിലാണ് അവർക്കു താത്‌പര്യം. വോട്ടർമാർ വിചാരിച്ചാലേ ഇത്തരക്കാർ നിയമസഭകളിലെത്തുന്നത് തടയാനാവൂ.യുദ്ധത്തിലും തിരഞ്ഞെടുപ്പിലും എന്തുമാകാമെന്ന് പൊതുവേ പറയാറുള്ളതുകൊണ്ട് തിരഞ്ഞെടുപ്പിനു മുമ്പുള്ള കൂറുമാറ്റങ്ങളിൽ അധാർമ്മികത കാണുന്നവർ കുറവായിരിക്കും.

തിരഞ്ഞെടുപ്പിനു മുമ്പ് നടക്കുന്ന വലിയ തോതിലുള്ള കാലുമാറ്റം പ്രചാരണം കൊഴുപ്പിക്കാനുള്ള പുതുവഴിയായി മാറും . കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട വനം മന്ത്രി ധാരാസിംഗ് ചൗഹാൻ യോഗി സർക്കാർ പിന്നാക്ക വിഭാഗങ്ങളോടും പട്ടികവിഭാഗങ്ങളോടും കടുത്ത ദ്രോഹമാണ് കാണിച്ചതെന്നു പരാതിപ്പെട്ടത് ശ്രദ്ധേയമാണ്. അഞ്ചുവർഷം കാണാത്ത കുറ്റങ്ങളാണ് പോകുന്ന പോക്കിൽ അദ്ദേഹം കണ്ടെത്തിയത്.

https://www.youtube.com/watch?v=XyUgOzyHEb8

 

 

Leave A Reply
error: Content is protected !!