MalayalamExpressOnline

കുരുക്കഴിയാതെ അഴീക്കൽ

കണ്ണൂർ അഴീക്കൽ തുറമുഖ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇതുവരെ നടപ്പായില്ല. കപ്പൽ ചാലിന്റെ ആഴം വർധിപ്പിക്കാൻ ഡ്രജിങ് ഉടൻ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂൺ 14ന് തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു. പൊന്നാനി മാതൃകയിൽ മണൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഏഴു മാസം പിന്നിടുമ്പോഴും ഇതുവരെ പ്രാഥമിക നടപടികൾ പോലുമായില്ല. രണ്ടാഴ്ചയ്ക്കകം ഡ്രജിങ് തുടങ്ങാനായിരുന്നു തുറമുഖ മന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 5ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലെ തീരുമാനം.

കെ.വി.സുമേഷ് എംഎൽഎ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു, സിഇഒ എച്ച്.ദിനേശ്, ജില്ലാ കലക്റ്റർ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനവും ഇതുവരെ ഇവിടെ നടപ്പായില്ല.ഏഴു മീറ്റർ വരെ ആഴം വർധിപ്പിക്കുന്നതിനായി നീക്കേണ്ട മണ്ണിന്റെ അളവ് ഹൈഡ്രോഗ്രഫിക് സർവേ പ്രകാരം കണ്ടെത്തി ടണ്ണിന് നിശ്ചിത തുക നിശ്ചയിച്ച് കരാർ നൽകാനായിരുന്നു അന്നത്തെ ധാരണ. അന്നേ കരാർ വിളിച്ചിരുന്നെങ്കിൽ തുറമുഖത്തിന് ചില്ലിക്കാശിന്റെ ചെലവില്ലാതെ 7 മീറ്റർ ഡ്രജ് ചെയ്തു ഇതിനകം കപ്പൽ ചാലിലെ തടസ്സം നീക്കാൻ സാധിക്കുമായിരുന്നു. മുൻകാലങ്ങളിൽ ചെയ്തപോലെ ക്യാപിറ്റൽ ഡ്രജിങ്ങും ആലോചിച്ചിരുന്നു.എന്നാൽ എല്ലാം ആലോചനയിൽ ഒതുങ്ങി

Leave A Reply
error: Content is protected !!