സ്വപ്‌നയുടെ വീട്‌ ജപ്‌തി ചെയ്യില്ല

സ്വപ്‌നയുടെ വീട്‌ ജപ്‌തി ചെയ്യില്ല

തിരുവനന്തപുരത്ത് ജോലിഭാരംമൂലം ആത്മഹത്യചെയ്ത ബാങ്ക് മാനേജരുടെ വീട് ജപ്തി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് കനറ ബാങ്ക് പിന്മാറും.

കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖാ മാനേജര്‍ ആയിരിക്കെ ബാങ്കിനുള്ളില്‍ ആത്മഹത്യചെയ്ത കെ എസ് സ്വപ്ന (41)യുടെ തൃശൂര്‍ മണ്ണുത്തി മുല്ലക്കരയിലെ വീടായ സാബു നിവാസ് ജപ്തി ചെയ്യാന്‍ നല്‍കിയ നോട്ടീസ് ബാങ്ക് ഉടൻ പിന്‍വലിക്കും. കനറ ബാങ്ക് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എസ് അനിലിനെ ഇക്കാര്യങ്ങള്‍ അറിയിച്ചു കഴിഞ്ഞു . നോട്ടീസിന്‍മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും ജനറല്‍ മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട് .

സ്വപ്നയുടെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാങ്ക് നടപടിയില്‍ പ്രതിഷേധിച്ച്‌ ബെഫി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കനറ ബാങ്ക് സര്‍ക്കിള്‍ ഓഫീസിലേക്ക് വെള്ളിയാഴ്ച വൈകിട്ട് പ്രകടനത്തിന് തീരുമാനിച്ചു. ജപ്തി തീരുമാനം പിന്‍വലിക്കണമെന്നും വായ്പ എഴുതിത്തള്ളണമെന്നുംകാട്ടി ജനറല്‍ സെക്രട്ടറി ജനറല്‍ മാനേജര്‍ക്ക് കത്തും നല്‍കി. ഇതിനെത്തുടര്‍ന്നാണ് ജപ്തി നടപടികളെല്ലാം ഇപ്പോൾ നിര്‍ത്തിവയ്ക്കുന്നത്.

സ്വപ്ന ജോലി ചെയ്തിരുന്ന ബാങ്കുതന്നെയാണ് അവരുടെ വീട് പിടിച്ചെടുക്കാന്‍ പിന്നീട് തീരുമാനിച്ചത്. വീടു വയ്ക്കാനെടുത്ത വായ്പയുടെ കുടിശ്ശികയായ 43.95 ലക്ഷം രൂപയുടെ തവണ അടവ് മുടങ്ങിയതിനെത്തുടര്‍ന്നാണ് ജപ്തി നോട്ടീസ് നല്‍കിയത്.

Leave A Reply
error: Content is protected !!