യു പിയിൽ സമാജ്‌വാദി പാർട്ടിക്ക് മുൻ‌തൂക്കം ; ബിജെപിയും കോൺഗ്രസ്സും ഏറെ പിന്നിൽ

യു പിയിൽ സമാജ്‌വാദി പാർട്ടിക്ക് മുൻ‌തൂക്കം ; ബിജെപിയും കോൺഗ്രസ്സും ഏറെ പിന്നിൽ

ഏറെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10 നും .

2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘സെമിഫൈനൽ’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. പോരാട്ടത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി.

വോട്ടെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ യു പിയിൽ സമാജ്‌വാദി പാർട്ടിയിലേക്ക് ചേക്കറുന്ന ചില ബിജെപി മന്ത്രിമാരുടെയും അനുയായികളുടെയും വാർത്തകളും പുറത്തുവരുന്നു. തുടർച്ചയായ രണ്ട് പൊതുതിരഞ്ഞെടുപ്പുകൾ ജയിച്ച് കേന്ദ്രത്തിൽ അധികാരത്തണലിൽ നിൽ‌ക്കുന്ന നരേന്ദ്ര മോദിയും ബിജെപി നേതാക്കളും യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വേദികളിൽ പ്രചാരണത്തിരക്കുകളിലാണ്.

പിന്നാക്കവിഭാഗം നേതാക്കളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്ക് ബി.ജെ.പി.യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്ത് നിര്‍ണായകമായ ഒ.ബി.സി. വിഭാഗത്തില്‍നിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാര്‍ട്ടിവിട്ടത്.

യാദവര്‍ക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിര്‍ത്താനുള്ള സമാജ്വാദി പാര്‍ട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. 2016 മുതല്‍ ബി.ജെ.പി.ക്കൊപ്പം നില്‍ക്കുന്ന ഈ നേതാക്കള്‍ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്‌വാഹ തുടങ്ങിയ സമുദായങ്ങളില്‍ പരക്കെ സ്വാധീനമുള്ളവരാണ്.

സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളില്‍ 10 മുതൽ 12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി പാര്‍ട്ടിക്കാണ് കാലങ്ങളായി കിട്ടുന്നത്.

ബാക്കിയുള്ള യാദവേതര വോട്ടുകള്‍ തന്ത്രപരമായി സ്വന്തമാക്കിയാണ് സമാജ്വാദി പാര്‍ട്ടിയെ അട്ടിമറിച്ച് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമുതല്‍ ബി.ജെ.പി. സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിയത്.
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെയും മായാവതിയുടെയും ജാതിവോട്ടുബാങ്കുകളെ ബി.ജെ.പി. സമര്‍ഥമായി മുറിച്ചു മാറ്റി .

2017-ല്‍ സമാജ്വാദി പാര്‍ട്ടിക്ക് യാദവവോട്ടുകളില്‍ 66 ശതമാനം ലഭിച്ചെങ്കില്‍ യാദവേതര പിന്നാക്ക വോട്ടുകളില്‍ 60 ശതമാനം ബി.ജെ.പി.യാണ് സ്വന്തമാക്കിയത്. ദളിത് വോട്ട് അടിത്തറയില്‍പ്പെട്ട ജാദവ വോട്ടുകളില്‍ 86 ശതമാനവും ജാദവ ഇതര വോട്ടുകളില്‍ 43 ശതമാനവും മായാവതിക്കൊപ്പംനിന്നെങ്കിലും ജാദവ ഇതര വോട്ടുകളില്‍ 31 ശതമാനം ബി.ജെ.പി. ചോര്‍ത്തി. ആദ്യമായാണ് ജാദവ ഇതര വോട്ടുകള്‍ ബി.ജെ.പി. നേടുന്നത്.

പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളായ ഉയര്‍ന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ല്‍ ബി.ജെ.പി. ബഹുഭൂരിപക്ഷത്തിൽ ഭരണംപിടിച്ചത്. ഈ വോട്ടുബാങ്കില്‍നിന്ന് ഇപ്പോള്‍ ചോര്‍ച്ച നേരിടുന്നതാണ് ബി.ജെ.പി. കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്.

Video Link

https://youtu.be/va-VdzlOHAc

Leave A Reply
error: Content is protected !!