ആശ്രയത്വത്തിന്റെ തിരുവസ്ത്രങ്ങളൂരി തന്റേടം കണ്ടെത്തുക

ആശ്രയത്വത്തിന്റെ തിരുവസ്ത്രങ്ങളൂരി തന്റേടം കണ്ടെത്തുക

കോടതി മുറിക്കുള്ളില്‍ വച്ച് നീതി ദേവത കൊല അരുംകൊലചെയ്യപ്പെട്ട ദിവസം എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം തന്നെ നിരവധി പേരാണ് നമ്മുടെ നിയമവ്യവസ്ഥിതിയെക്കുറിച്ചോര്‍ത്ത് വിലപിച്ചത്. ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്ന ഒരു പഴഞ്ചൊല്ലിലേക്ക് കേരളം പോവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ കന്യാസ്ത്രീക്കൊപ്പം എന്നുതന്നെയാണ് ഏവരും കുറിക്കുന്നത്. അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ കുറിച്ചിരിക്കുന്നതിങ്ങനെ, നീതിപീഠം നിയമപുസ്തകങ്ങള്‍ക്കുള്ളിലെ നൂലാമാലകളില്‍ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടത്.

സത്യത്തെ സ്വാതന്ത്രമാക്കുകയാണ് വേണ്ടത്. കണ്ടെത്തുകയാണ് വേണ്ടത്. നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാന്‍ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങള്‍ പറയാനല്ല. ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പില്‍ കയറി നിന്ന് ആ സാഹചര്യത്തെ കാണാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. അപ്പോഴേ നീതി നിര്‍വ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തില്‍ സേഫായി ഇരുന്ന് ഇരകളുടെ പ്രവര്‍ത്തിയെ വിധിക്കരുത്.. പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള ഫെയര്‍ ലെവല്‍ പ്ലേ അല്ല പലപ്പോഴും വിചാരണ. പലേ കാരണങ്ങളാല്‍ പ്രോസിക്യൂഷനു പരിമിതികള്‍ ഉണ്ട്. സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോള്‍ സാക്ഷികള്‍ക്ക് നിര്‍ഭയം സാക്ഷി പറയാന്‍ പറ്റില്ല.

സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്. കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കില്‍ ഒരു ശവം കൂടി മഠത്തിലെ കിണറ്റില്‍ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴാണ് അതിനേക്കാള്‍ എത്രയോ ദുര്‍ബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്… ഇര പ്രതിയെ കുടുക്കാന്‍ മനപൂര്‍വ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവര്‍ക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ട്.

നീതിയിലേക്കുള്ള വഴി കര്‍ത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്, ഇന്നും. ചോര വാര്‍ന്നു വാര്‍ന്നേ ആ വഴി ഭാരവും പേറി നടക്കാന്‍ പറ്റൂ, ഓരോ ഇരയ്ക്കും. കാരണം അധികാരം പാപിയ്‌ക്കൊപ്പം ആണ്. #ഇരയ്‌ക്കൊപ്പം.. #നീതിയ്‌ക്കൊപ്പം… നീതി ലഭ്യമാക്കാത്ത വിധികള്‍ക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം..

ട്വന്റി ഫോര്‍ ന്യൂസിലെ മുന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന അരുണ്‍കുമാര്‍ കുറിച്ചതിങ്ങനെ,

ഈ വിധിയില്‍ സന്തോഷിക്കുന്നവരെ കുറിച്ച് ഒന്നാലോചിക്കു.ഈ പട്ടികയിലെ മനുഷ്യരെ ആശ്രയിച്ച് നില്‍ക്കുന്ന വള്‍നറബിള്‍ ആയ പൊട്ടന്‍ഷ്യല്‍ ഇരകളെ കുറിച്ച് ആശങ്ക തോന്നുന്നില്ലേ? തെളിവില്ലാത്ത റേപ്പുകളെ ലെജിറ്റിമൈസ് ചെയ്യുന്നതാണ് ഈ വിധി. ഒരു ഭാഗത്ത് ബിഷപ്പും മറുഭാഗത്ത് നിസ്സഹായായ കന്യാസ്ത്രീയും ഇരിക്കുമ്പോള്‍ തന്നെ വീണുടഞ്ഞതാണ് നീതി. ഈ വിധി ഏത് സ്ത്രീയ്ക്കാണ് നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ കരുത്ത് പകരുക? ഏത് നിസ്സഹായ വിശ്വാസിയെയാണ് പൗരോഹിത്യത്തിന്റെ അനീതിയ്‌ക്കെതിരെ പൊരുതാന്‍ പ്രേരിപ്പിക്കുക? ഏതു നടിയ്ക്കാണ് നായക വര്‍ഗ്ഗത്തിന്റെ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കരുത്താവുക? ഒന്നുകില്‍ നിങ്ങളീ ആശ്രയത്വത്തിന്റെ വസ്ത്രങ്ങളൂരി തന്റേടം കണ്ടെത്തുക,അല്ലങ്കില്‍ ദൈവത്തിന്റെ പേരില്‍ റോബിന്‍ ഫാദര്‍മാരുടെ വിത്തുമുളപ്പിക്കാനുള്ള പുരയിടങ്ങളാകുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക.

വിധിയെക്കാള്‍ അസ്വസ്ഥപ്പെടുത്തിയ ഒരു ദൃശ്യം കൂടി കാണുക. നിരന്തരം ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ നിറ കണ്ണിനു മുന്നില്‍ ബലാല്‍സംഗ പ്രതിയുടെ കുറ്റവിമുക്തിയില്‍ മധുരം വിതരണം ചെയ്യുന്ന ഈ സ്ത്രീ വിശ്വസിക്കുന്നത് എന്തായിരിക്കും? എന്ന് കുറിക്കുന്നതിനോടൊപ്പം ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വാര്‍ത്ത കേട്ട് കോടതിക്കു മുമ്പില്‍ മധുരം വിതരണം ചെയ്യുന്ന വിശ്വാസികളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരിക്കുന്നു.

Video Link

https://youtu.be/yL7_1ONHwUo

Leave A Reply
error: Content is protected !!