ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനം തുടങ്ങി

ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനം തുടങ്ങി

വയനാട് ജില്ലയിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിനു മുന്നോടിയായി സർവേ ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനം കലക്ടർ എ. ഗീത ഇന്നലെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രാരംഭ ഘട്ടത്തിൽ പേര്യ, നല്ലൂർനാട്, മാനന്തവാടി, വാളാട്, തൃശ്ശിലേരി, കാഞ്ഞിരങ്ങാട്, തോമാട്ടുചാൽ, അമ്പലവയൽ എന്നീ വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. ഇതിൽ മാനന്തവാടി, വാളാട്, അമ്പലവയൽ വില്ലേജുകളിൽ ഡ്രോൺ സർവേയും ആദ്യ ഘട്ടത്തിലുണ്ടാകും. ഡ്രോൺ സർവേയുടെ ജില്ലാതല ഉദ്ഘാടനം 17നു മാനന്തവാടിയിൽ ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും.

24, 25 തീയതികളിൽ മാനന്തവാടിയിലും ഫെബ്രുവരി 9,10,18,19 തീയതികളിൽ വാളാടും, അമ്പലവയലിലുമായി ഡ്രോൺ സർവേ നടക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ പദ്ധതി സാധ്യമാവൂ എന്ന് ജില്ല സർവേ ഡപ്യൂട്ടി ഡയറക്ടർ കെ. അനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. സർവേ ഡയറക്ടർ സാംബശിവ റാവു, സർവേ ഓഫ് ഇന്ത്യ ഡയറക്ടർ പി.വി. രാജശേഖരൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു. എഡിഎം എൻ.ഐ ഷാജു, ഡപ്യൂട്ടി കലക്ടർ കെ. അജീഷ്, കൊല്ലം സർവേ ഡപ്യൂട്ടി ഡയറക്ടർ പി.എസ്. സതീഷ് കുമാർ, സംസ്ഥാന കോ ഓർഡിനേറ്റർ എസ്. സലീം, മാനന്തവാടി റീസർവേ അസിസ്റ്റന്റ് പി.കെ. വീരേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!