”ദൈവം എന്തൊരു കാരുണ്യവാനാണ്..”; കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

”ദൈവം എന്തൊരു കാരുണ്യവാനാണ്..”; കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരിച്ച് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ . ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി. അതിൽ ഏറെ സന്തോഷമുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. വിശ്വാസികൾക്കും ഒപ്പം നിന്നവർക്കും ഫ്രാങ്കോ മുളയ്ക്കൽ നന്ദി അറിയിക്കുകയും ചെയ്തു.

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

വിധി കേട്ട ശേഷം കോട്ടയത്തെ ധ്യാന കേന്ദ്രത്തിലേക്കാണ് ബിഷപ്പ് ഫ്രാങ്കോ ആദ്യം പോയത്. ഇവിടെ അദ്ദേഹം കുർബാന അർപ്പിക്കുകയും ചെയ്തു. ഇവിടെ ഒരു മണിക്കൂറോള്ളം ചെലവഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഫ്രാങ്കോ മുളയ്ക്കൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കിട്ടയ അവസരത്തിന് നന്ദിയെന്ന് ബിഷപ്പ് പ്രതികരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!