ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ : ഫ്രാങ്കോയെ ദൈവം രക്ഷിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ : ഫ്രാങ്കോയെ ദൈവം രക്ഷിച്ചു

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി . കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിപ്രസ്താവം.

രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നൽകിയ പീഡന കേസിലാണ് ഈ വിധി വന്നത്.105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. വിധികേട്ട് കോടതിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെയടക്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകാതെ കോടതി പരിസരം വിട്ടുപോവുകയും ചെയ്തു. പ്രതീക്ഷിച്ചിരുന്ന വിധിയെന്നാണ് ഫ്രാങ്കോയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പ്രതികരിച്ചത്. ദൈവത്തിന് സ്തുതി എന്നും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. നാളിതുവരെ ഫ്രാങ്കോയ്ക്കു പിന്തുണനൽകിയവർക്ക് നന്ദി അർപ്പിച്ചു .

വിധിയിൽ സന്തോഷിച്ച് സ്ത്രീകൾ അടക്കമുള്ളവർ മധുരവിതരണം ചെയ്തു. ബിഷപ്പ് കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചിരുന്നതാണ് എന്നുമാണ് അവർ പറയുന്നത്. വിധി കേള്‍ക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയിരുന്നു. മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെയാണ് ബിഷപ്പ് കോടതിയിലേക്ക് പ്രവേശിച്ചത്. സഹോദരനും സഹോദരി ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.

കർശന സുരക്ഷയാണ് കോടതിക്കും കുറുവിലങ്ങാട് മഠത്തിനും ഏർപ്പെടുത്തിയിരുന്നത്. കോടതിമുറിയിൽ ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. 2014നും 2016നും ഇടയിൽ കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.

2017 ജൂൺ 27ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസിൽ പരാതി നല്കിയെങ്കിലും മൊഴി എടുക്കാൻ പോലും തയ്യാറായില്ലത്രെ  . ഇതിനെതിരെ കന്യാസ്ത്രീകൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതും 2018 സെപ്തംബർ 21ന് അറസ്റ്റ് ചെയ്തതും.

25 ദിവസം ഫ്രാങ്കോ റിമാൻഡിൽ കഴിഞ്ഞു. കുറ്റപത്രം വൈകിപ്പിക്കാനും നീക്കമുണ്ടായി. സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ സമരം പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ.

നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിലിറങ്ങി സമരം ചെയ്ത കേസാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫ്രാങ്കോയെ അറസ്റ്റുചെയ്യാനായി ജലന്ധർ രൂപതാസ്ഥാനത്ത് എത്തിയ കേരള പൊലീസിന് ഉപരോധമടക്കമുള്ളവ നേരിടേണ്ടി വന്നു.

Video Link

https://youtu.be/PfviXWu3-fw

Leave A Reply
error: Content is protected !!