ബൾഗേറിയൻ പാലർമെന്റിലേക്ക് വാക്സിൻ വിരുദ്ധ പ്രക്ഷോഭകർ അതിക്രമിച്ച് കയറാൻ ശ്രമിച്ചു

ബൾഗേറിയൻ പാലർമെന്റിലേക്ക് വാക്സിൻ വിരുദ്ധ പ്രക്ഷോഭകർ അതിക്രമിച്ച് കയറാൻ ശ്രമിച്ചു

സോഫിയ : ബൾഗേറിയൻ പാലർമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് വാക്സിൻ വിരുദ്ധ പ്രക്ഷോഭകർ. സോഫിയ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന വൻ റാലിയ്ക്കിടെയാണ് സംഭവം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുo ഉണ്ടായി. രാജ്യത്ത് ഏർപ്പെടുത്തിയ നിർബന്ധിത ഹെൽത്ത് പാസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏകദേശം 3,000ത്തോളം പേരാണ് പാർലമെന്റിന് മുന്നിൽ ഇന്നലെ തടിച്ചുകൂടിയത്.ഭരണകൂടം ഏർപ്പെടുത്തിയ ഹെൽത്ത് പാസ് തങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതാണെന്നും വാക്സിനേഷനെടുക്കാൻ ആളുകളെ നിർബന്ധിക്കുന്നതിനുള്ള ഒരു പിൻവാതിൽ മാർഗമാണതെന്നും പ്രതിഷേധക്കാർ ആരോപണം ഉയർത്തുന്നു.

ചുറ്റുമുള്ള പൊലീസ് വലയത്തെ തള്ളിനീക്കി പ്രതിഷേധക്കാർ പാർലമെന്റ് കെട്ടിടത്തിന്റെ മുൻവാതിലുകൾ വരെ എത്തുകയും അധികൃതർ പുറത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമായിരുന്നു. സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തീവ്ര ദേശീയവാദി പാർട്ടിയായ റിവൈവൽ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു റാലി.

‘ സ്വാതന്ത്ര്യം ” എന്ന മുദ്രാവാക്യത്തോടെ നടന്ന റാലിയിൽ കൊവിഡിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും സമരക്കാർ ആക്രോശിച്ചു. ബൾഗേറിയയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ഹെൽത്ത് പാസ് കൈയിൽ കരുതുകയും വേണം. വാക്സിനേഷന് വിധേയമായവർ, കൊവിഡ് മുക്തർ, കൊവിഡ് പരിശോധനയിൽ നെഗറ്റീവായവർ എന്നിവർക്ക് നൽകുന്നതാണ് ഹെൽത്ത് പാസ്.

Leave A Reply
error: Content is protected !!