കോവിഡ് വാക്സിനെടുക്കാതെ ഇനിയും രണ്ടുകോടി പേർ; മുഖാവരണം ധരിക്കാൻ മടിച്ച് അരക്കോടി

കോവിഡ് വാക്സിനെടുക്കാതെ ഇനിയും രണ്ടുകോടി പേർ; മുഖാവരണം ധരിക്കാൻ മടിച്ച് അരക്കോടി

ചെന്നൈ: ജനങ്ങൾ കാട്ടുന്ന നിസ്സഹകരണം തമിഴ്‌നാട്ടിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നു. വാക്സിൻ എടുക്കാൻ മടിക്കുന്നതുതന്നെ രണ്ടുകോടിയിലേറെ പേരാണ്. ഒരു കോടിയോളം പേർ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് മടിക്കുമ്പോൾ ഒന്നാം ഡോസ് പോലും സ്വീകരിക്കാൻ തയ്യാറാകാത്തവർ ഇതിലും കൂടുതലാണ്. പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കുന്നതിന് 35 ശതമാനം പേർപോലും തയ്യാറാകുന്നില്ലെന്നാണ് സർവേകളിലെ കണ്ടെത്തൽ.

സർക്കാർ കണക്കുപ്രകാരം ഇതുവരെ 50 ലക്ഷം പേർ മുഖാവരണം ധരിക്കാതിരുന്നതിന് പിഴയടച്ചിട്ടുണ്ട്. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിലെത്തിയാൽ 200 രൂപയാണ് പിഴയീടാക്കുന്നത്. ഈയിനത്തിൽ ഇതുവരെ 105 കോടി രൂപ സർക്കാരിന് ലഭിച്ചു. പിഴയീടാക്കുമെന്നറിഞ്ഞിട്ടും ആളുകൾ മുഖാവരണം ഒഴിവാക്കുന്നതിനാൽ പിഴത്തുക കൂട്ടാൻ സർക്കാർ തീരുമാനിച്ചു. ഇനിമുതൽ 500 രൂപയായിരിക്കും പിഴ. മൂക്കും വായും ശരിയായി മൂടുന്നവിധം മുഖാവരണം ധരിച്ചില്ലെങ്കിൽ പിഴയീടാക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് ജനങ്ങൾ മുഖാവരണം ധരിക്കുന്നത് കുറവാണെന്ന് കണ്ടതോടെ മുഖ്യമന്ത്രി സ്റ്റാലിൻതന്നെ പ്രചാരണത്തിനിറങ്ങിയിരുന്നു.

യോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ മുഖാവരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കുന്നതു കൂടാതെ, തെരുവുകളിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ മുഖാവരണ വിതരണവും നടത്തി. യാത്രാമധ്യേ മുഖാവരണം ധരിക്കാത്തവരെ കണ്ടെത്തിയാൽ വാഹനം നിർത്തി അവർക്ക് മുഖാവരണം നൽകുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്യുന്നതും മുഖ്യമന്ത്രി പതിവാക്കിയിരുന്നു. എന്നിട്ടും ജനങ്ങളിൽ കാര്യമായ മാറ്റമുണ്ടാകാതെ വന്നതോടെയാണ് പിഴ വർധിപ്പിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!