ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് അപകടത്തില്‍ ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് അപകടത്തില്‍ ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ടുകൾ

ഇന്നലെ വൈകീട്ട് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ദോമോഹാനി മേഖലയിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്പതായി ഉയർന്നു. 70 ലധികം യാത്രക്കാർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പുറപ്പെട്ട് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് 15633 ന്‍റെ 12 കോച്ചുകൾ ഇന്നലെ വൈകീട്ട് 5.15 ഓടെ ജൽപായ്ഗുരി ജില്ലയിലെ മെയ്നാഗുരിക്ക് സമീപത്ത് വച്ച് പാളം തെറ്റികയായിരുന്നു.

രക്ഷാപ്രവർത്തനം പൂർത്തിയായതായി എൻഎഫ്ആർ ഗുവാഹത്തിയിൽ പ്രസ്താവനയിൽ പറഞ്ഞു. പാളം തെറ്റുന്ന സമയത്ത് ട്രെയിനിൽ 1,053 യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകിയിരുന്നെന്നും റെയില്‍വേ വ്യക്തമാക്കി.

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് ഉച്ചയ്ക്ക് 2 മണിക്ക് എത്തുമെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻആർഎഫ്) ജനറൽ മാനേജർ അൻഷുൽ ഗുപ്ത വ്യക്തമാക്കി.

Leave A Reply
error: Content is protected !!