പിണറായിയുടെ വാശി ഇനി കയ്യില്‍ വച്ചിരുന്നാല്‍ മതി

പിണറായിയുടെ വാശി ഇനി കയ്യില്‍ വച്ചിരുന്നാല്‍ മതി

എന്തു പ്രതിസന്ധിയുണ്ടായാലും സില്‍വര്‍ ലൈനുമായി മുന്നോട്ടുപോകുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിന് എല്ലാ ഭാഗത്തുനിന്നും തിരിച്ചടികള്‍ തന്നെയാണ്. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെ റെയില്‍വേയും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേരള സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയെന്ന വിധത്തില്‍ അവതരിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയിലെ പൊരുത്തക്കേടുകള്‍ ഒന്നൊന്നായി പുറത്തേക്ക് വരുകയാണ്.

കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക നിലനില്‍പില്‍ ആശങ്കയറിയിച്ച് റെയില്‍വെ രംഗത്തെത്തി. ഇതോടെ സര്‍ക്കാര്‍ വിലയിരുത്തിയത് 63,000 കോടിയെന്ന കണക്കിലെ പൊള്ളത്തരമാണ് പുറത്തുവരുന്നത്. സില്‍വര്‍ലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കിയത്. റെയില്‍വേയില്‍ നിന്നും കുറച്ച് യാത്രക്കാര്‍ സില്‍വര്‍ലൈനിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമാകില്ലെന്നും പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാനും റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് നിര്‍ദ്ദേശിച്ചു.

റെയില്‍വെ ബോര്‍ഡും കെ-റെയില്‍ ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ റെയില്‍വെ വ്യക്തമാക്കിയത്. കെ-റെയിലിന്റെ പ്രായോഗികതയെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിന്ന് നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും അതിനെയൊക്കെ തള്ളുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എല്ലാ തരത്തിലും പദ്ധതി പ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് സംബന്ധിച്ച് റെയില്‍വെ ബോര്‍ഡുമായി കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തില്‍ പദ്ധതിയുടെ പ്രയോഗികത സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളാണ് റെയില്‍വെ അധികൃതര്‍ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ വിശദീകരണം എന്താകുമെന്നാണ് അറിയേണ്ടത്.

പദ്ധതി ചെലവ് സംബന്ധിച്ചാണ് ഒരു സുപ്രധാനമായ ചോദ്യം റെയില്‍വെ ഉന്നയിച്ചിരിക്കുന്നത്. 63,000 കോടിയാണ് പദ്ധതിയുടെ ചെലവായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്യുകയാണ് റെയില്‍വെ ബോര്‍ഡ്. 2020 മാര്‍ച്ച് മാസത്തെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ ഈ കണക്ക് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ പദ്ധതി ചെലവ് സര്‍ക്കാര്‍ പറയുന്ന കണക്കില്‍ നിന്നും കുതിച്ചുയരാനാണ് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 79,000 യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ അതിനെയും റെയില്‍വെ ബോര്‍ഡ് ചോദ്യം ചെയ്തു. യാത്രക്കാരുടെ എണ്ണവും ട്രെയിനുകളുടെ എണ്ണവും സംബന്ധിച്ച് ഒരു ശുഭാപ്തി വിശ്വാസം സംസ്ഥാന സര്‍ക്കാരിനും കെ-റെയിലിനും ഉണ്ടാകുന്നത് നല്ലതാണെങ്കിലും അത് യാഥാര്‍ഥ്യ ബോധത്തോടെ ആകണമെന്നാണ് റെയില്‍വെ ബോര്‍ഡ് പറയുന്നത്. അതിനാല്‍ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പുനഃപരിശോധന ആവശ്യമാണെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. ശരിയായ നിരക്കും യാത്രക്കാരുടെ ശരിയായ എണ്ണവും നിശ്ചയിച്ചാല്‍ മാത്രമേ പദ്ധതി പ്രായോഗികമാകുകയുള്ളുവെന്നും അതിനാല്‍ തന്നെ 79000 യാത്രക്കാരെന്നുള്ള അവകാശവാദം കൂടുതല്‍ വിശദമാക്കണമെന്നും റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് നിര്‍ദേശിച്ചു.

ഹൈസ്പീഡിന് പകരം സെമി ഹൈസ്പീഡ് കൊണ്ടുവന്നതുകൊണ്ട് എന്ത് സാമ്പത്തിക ഗുണമാണ് ലഭിക്കുന്നതെന്ന് വിശദീകരിക്കാനും കേരളത്തോട് റെയില്‍വെ ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ പദ്ധതിയില്‍ സമാനമായ സംശയങ്ങള്‍ ഉന്നയിച്ചു കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തുവന്നിരുന്നു. കെ റെയില്‍ പദ്ധതിയെ കുറിച്ച് നിലനില്‍ക്കുന്നത് കടുത്ത അവ്യക്തതയാണ്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം കെ റെയില്‍ മാനേജ്‌മെന്റ് നിഷേധിക്കുകയാണ്. അര്‍ദ്ധ അതിവേഗ പാത കേരളത്തില്‍ വേണമെന്നതില്‍ തര്‍ക്കമില്ല.പക്ഷേ മാറിയ സാഹചര്യങ്ങളില്‍ ഈ പദ്ധതി കേരളത്തിന്റെ മുന്‍ഗണന പട്ടികയില്‍ ഉള്‍പെടേണ്ട ആവശ്യമില്ലന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. 2018 ലെ പ്രളയത്തിന് മുമ്പുള്ള ആലോചനകള്‍ കേരലത്തില്‍ ഇനി അതേപടി നടപ്പിലാക്കാന്‍ കഴിയില്ല.

നമ്മുടെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിക സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായി. ഇപ്പോഴത്തെ നിലയില്‍ നിലവിലുള്ള റെയില്‍വേയുടെ വികസനത്തിനാവണം കേരളം മുന്‍ഗണന നല്‍കേണ്ടത്. അര്‍ഹതപ്പെട്ടത് കേന്ദ്രത്തില്‍ നിന്ന് വാങ്ങി യെടുക്കാന്‍ കേരളത്തിന് കഴിയണം. നിലയിലുള്ള റെയില്‍ സംവിധാനത്തിനൊപ്പമാണ് സില്‍വര്‍ ലൈന്‍ പദ്ധതി വിഭാവനം ചെയ്യേണ്ടത്. പൂര്‍ണ്ണമായി വേറിട്ട് നില്‍ക്കുന്ന പദ്ധതിയായി കെ റെയില്‍ മാറരുത്. ഗതാഗതത്തിനുള്ള സമഗ്ര നയം കേരളം തയ്യാറാകാകണം. അതിലൊന്ന് മാത്രമാവണം കെ റെയില്‍ പദ്ധതി. റെയില്‍വേവികസനം,ദേശീയ പാത വികസനം, ജില്ലാ റോഡുകളുടെ വികസനം ,ജലപാതകളുടെ വികസനം എന്നിവക്കൊപ്പം മാത്രമാണ് കെ റെയിലും ആലോചിക്കേണ്ടത്.ഇപ്പോള്‍ കെ റെയിലിന് മുന്‍ഗണന നല്‍കേണ്ട സാഹചര്യമില്ല.

Video Link

https://youtu.be/2VL1bLcuhRU

Leave A Reply
error: Content is protected !!