ട്രഷറിഅക്കൗണ്ടിൽനിന്ന് പണം അപഹരിച്ചു; നാല് ജീവനക്കാർക്ക് സസ്പെൻഷൻ

ട്രഷറിഅക്കൗണ്ടിൽനിന്ന് പണം അപഹരിച്ചു; നാല് ജീവനക്കാർക്ക് സസ്പെൻഷൻ

മരിച്ചുപോയ ആളുടെ ട്രഷറിയിലെ പെൻഷൻ അക്കൗണ്ടിൽനിന്ന്‌ എട്ടുലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ നാല് ജീവനക്കാർക്ക് സസ്പെൻഷൻ.ട്രഷറിയിൽ പണം കൈമാറ്റത്തിന്റെ ചുമതല വഹിച്ചിരുന്ന ആളുടെ പാസ് വേർഡ് ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.

കോന്നി സബ് ട്രഷറി, ജില്ലാ ട്രഷറി, റാന്നി പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിലെ നാല്‌ ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജൂണിലായിരുന്നു തട്ടിപ്പ് നടന്നത്.സംഭവത്തെക്കുറിച്ച് അധികൃതരോട് പ്രതികരണം തേടിയെങ്കിലും സസ്പെൻഷൻ വാർത്ത മാത്രമാണ് സ്ഥിരീകരിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ പേര് വെളിപ്പെടുത്താനും ബന്ധപ്പെട്ടവർ തയ്യാറായില്ല. ജില്ലാ ട്രഷറിയിൽ മുന്പ് ജോലി ചെയ്തിരുന്നതും ഇപ്പോൾ റാന്നി പെരുനാട് സബ്ട്രഷറിയിലുള്ള ജീവനക്കാരനാണ് തട്ടിപ്പിന്റെ ആസൂത്രകനെന്നാണ് വിവരം. ഓമല്ലൂരിലുള്ള മരിച്ചുപോയ വയോധികയുടെ പെൻഷൻ അക്കൗണ്ടിൽ എട്ടുലക്ഷത്തോളം ഉണ്ടായിരുന്നെന്നാണ് സൂചന. നാളുകളായി അക്കൗണ്ടിൽ കിടന്ന പണത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയില്ലായിരുന്നു.

അവകാശികളെത്തുന്നില്ലെന്ന് കണ്ടതോടെയാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇൗ സമയത്ത് ജില്ലാ ട്രഷറിയിൽ പുതുതായി എത്തിയ എൽ.ഡി.ക്ളാർക്കിന്റെ പാസ് വേർഡ് ഉപയോഗിച്ചാണ് തട്ടിപ്പിന് തുടക്കം. പുതിയ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയശേഷം വയോധികയുടെ പണത്തിന്റെ പലിശ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പിടിക്കപ്പെടാതിരുന്നതിനാൽ ഇത് തുടരുകയും ചെയ്തു. പിന്നീട് ഇയാൾ പത്തനംതിട്ടയിൽനിന്ന്‌ പെരുനാട് സബ് ട്രഷറിയിലേക്ക് സ്ഥലം മാറി. അവിടെയും ഒരു ജീവനക്കാരന്റെ പാസ് വേർഡ് മനസ്സിലാക്കി ഇതേരീതിയിൽ പണം തട്ടുകയായിരുന്നു.

Leave A Reply
error: Content is protected !!