ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കോഴിക്കോട്ടെ ഡോക്ടർ; നഷ്ടമായത് ആറരലക്ഷം രൂപ, ഒടുവിൽ പണം വീണ്ടെടുത്ത് സൈബർ പൊലീസ്

ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കോഴിക്കോട്ടെ ഡോക്ടർ; നഷ്ടമായത് ആറരലക്ഷം രൂപ, ഒടുവിൽ പണം വീണ്ടെടുത്ത് സൈബർ പൊലീസ്

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കോഴിക്കോട്ടെ ഡോക്ടർക്ക് നഷ്ടമായത് ആറര ലക്ഷത്തോളം രൂപ. പിന്നിൽ ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പു സംഘമാണെന്ന് കണ്ടെത്തിയ സൈബർ പൊലീസ് ആറുമാസത്തിനു ശേഷം പണം കണ്ടെടുത്തു.

കോഴിക്കോട് തൊണ്ടയാട് ബൈപാസ് ഹൈലൈറ്റ് മാളിനു സമീപത്ത് താമസിക്കുന്ന 77 വയസ്സുകാരി ഡോക്ടറുടെ 6.44 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും തട്ടിയെടുത്തത്.  ‘എനി ഡസ്ക്ക്’ ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

കേസിനാസ്പദമായ സംഭവം നടന്നത് 2021 ജൂലൈയിലാണ്. പരാതിയെ തുടർന്ന് കോഴിക്കോട് ക്രൈം റിക്കോർഡ് ബ്യൂറോ അസി.കമ്മിഷണർ സി. രഞ്ജിത്തിന്റെ നിർദേശപ്രകാരം ജില്ലാ സൈബർ പൊലീസ് ഇൻസ്പെക്ടർ എസ്. നിയാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഉത്തരേന്ത്യൻ സംഘത്തിൽ നിന്നും കഴിഞ്ഞ ദിവസം പണം കണ്ടെടുത്തത്.

ഡോക്ടറുടെ മൊബൈൽ നമ്പറിൽ വിളിച്ച് ബാങ്ക് അക്കൗണ്ട് ഫോൺ നമ്പറുമായി ലിങ്ക് ചെയ്യാൻ സംഘം ആവശ്യപ്പെട്ടു. സംശയം തോന്നിയ ഡോക്ടർ കൂടുതൽ സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. തുടർന്നു വീണ്ടും ബാങ്കിൽ നിന്നാണെന്ന് അറിയിച്ചു വിളിച്ചു. ഉടനെ അക്കൗണ്ട് ലിങ്ക് ചെയ്യാൻ പറഞ്ഞു. ഇല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകുമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ച ഡോക്ടർ എന്തുചെയ്യണമെന്നു തിരിച്ചു ചോദിച്ചു.

മൊബൈൽ പ്ലേ സ്റ്റോറിൽ ” എനി ഡസ്ക്ക് ” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അതിൽ വരുന്ന കോഡ് നമ്പർ പറയാനും ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡോക്ടർ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് കോഡ് പറഞ്ഞു. ലിങ്ക് ചെയ്യാൻ 10 രൂപ ബാങ്കിന്റെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ട് ബാങ്കിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും നൽകി. 10 രൂപ  ഡോക്ടർ മൊബൈൽ ട്രാൻസ്ഫർ വഴി അയച്ചു. മിനിറ്റുകൾക്കകം ഫോണിൽ ആദ്യ മെസേജ് വന്നു. 2 ലക്ഷം പിൻവലിച്ചതായി. പിന്നീട് 1.8 ലക്ഷം. അങ്ങനെ നാലു തവണയായി 6.44 രൂപ 2 മിനിറ്റുകൊണ്ടു ബാങ്കിൽ നിന്നു പിൻവലിച്ചു. അമളി പറ്റിയ വിവരം പുറത്തു പറയാതെ ഡോക്ടർ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇൻസ്പെക്ടർ എസ്. നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് വൈക്കം മുഹമ്മദ് ബഷീർ റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇവരിൽ നിന്നും ലഭിച്ച സൂചനയാണു പണം നിക്ഷേപിച്ച ഉത്തരേന്ത്യയിലെ ബാങ്കുകൾ കണ്ടെത്തിയത്. തുടർന്നു പ്രതികൾ വലയിൽ കുടുങ്ങിയ സാഹചര്യത്തിൽ പൊലീസ് രാജസ്ഥാനിലെ ബാങ്ക് ഉദ്യോഗസ്ഥരുമായും പൊലീസുമായും സംസാരിച്ചു പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടിൽ നിന്നും മുഴുവൻ തിരിച്ചുപിടിക്കുകയായിരുന്നു.

പണം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ നടപടി വേണ്ടെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഡോക്ടറുടെ ആവശ്യപ്രകാരം പൊലീസ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയില്ല. എനി ഡസ്ക്ക് ആപ് ഓൺലൈൻ തട്ടിപ്പിലെ പുതിയ രീതിയാണെന്ന് പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!