മോഷണക്കുറ്റം ആരോപിച്ച് പാകിസ്താനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു ; അഞ്ച് പേർ അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് പാകിസ്താനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു ; അഞ്ച് പേർ അറസ്റ്റിൽ

ലാഹോര്‍: മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം പേർ ചേര്‍ന്ന് നാല് സ്ത്രീകളെ ജനമധ്യത്തിൽ നഗ്നരാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

ഇരകളായ നാല് പേരില്‍ ഒരാള്‍ കൗമാരക്കാരിയാണെന്നാണ് വിവരം. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവo പുറംലോകം അറിഞ്ഞത്. വിവസ്ത്രരാക്കിയ ശേഷം വടി ഉപയോഗിച്ച് മര്‍ദ്ദനമേല്‍ക്കുന്നതിനിടെ വസ്ത്രത്തിനായി സ്ത്രീകള്‍ കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ വെറുതേ വിടണമെന്ന് സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു മണിക്കൂറോളം തെരുവിലൂടെ നഗ്നരാക്കി നടത്തിച്ച ശേഷമാണ് സംഘം വിട്ടയച്ചത്.

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പോലീസ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. അതെ സമയം കുറ്റക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമമെന്നും പോലീസ് വ്യക്തമാക്കി.

തങ്ങള്‍ മാലിന്യം ശേഖരിക്കാനാണ് മാര്‍ക്കറ്റില്‍ എത്തിയതെന്നാണ് ഇരകളായ സ്ത്രീകള്‍ പോലീസിന് നല്‍കിയ മൊഴി. ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളില്‍ കയറിയത്. എന്നാല്‍ മോഷ്ടിക്കാന്‍ വന്നവരെന്ന് മുദ്രകുത്തി മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ സ്ത്രീകൾ ചൂണ്ടിക്കാട്ടുന്നു . അതെ സമയം തങ്ങളെ മർദിക്കുന്നത് തടയാന്‍, കണ്ട് നിന്ന ഒരാള്‍ പോലും ശ്രമിച്ചില്ലെന്നും അവര്‍ പറയുന്നു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താന്‍ പരിശോധനകള്‍ ഊര്ജിതമാക്കുമെന്നും പോലീസ് പ്രതികരിച്ചു .

Leave A Reply
error: Content is protected !!