ഹമാസിനെ​ തടുക്കാൻ ഭൂഗർഭ ഇരുമ്പ്​ മതിൽ പൂർത്തിയാക്കി ഇസ്രായേൽ സൈന്യം

ഹമാസിനെ​ തടുക്കാൻ ഭൂഗർഭ ഇരുമ്പ്​ മതിൽ പൂർത്തിയാക്കി ഇസ്രായേൽ സൈന്യം

ഗസ്സയെ പൂർണമായും പ്രതിരോധിക്കാൻ അതിർത്തിയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും ഭൂഗർഭ ഇരുമ്പ്​ മതിലിന്‍റെ നിർമാണം പൂർത്തിയായതായി ഇസ്രായേൽ സൈന്യം. ഫലസ്തീൻ ഉപരോധത്തിന് പിന്നാലെ ഹമാസ്​ തുരങ്കങ്ങൾ നിർമിച്ചതിനെ പ്രതിരോധിക്കാൻ പര്യാപ്​തമായ മതിലാണ്​ നിർമിച്ചിരിക്കുന്നതെന്ന്​ സൈന്യം അറിയിച്ചു.

ഗസ്സ അതിർത്തിയിൽ നിർമിച്ച മതിലിൽ സെൻസർ അടക്കമുള്ള സൗകര്യങ്ങളുണ്ട്​. നാവിക തടസ്സം, റഡാർ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ റൂമുകൾ എന്നിവ ഉൾപ്പെടുന്നതാണ്​ ഭൂഗർഭ ഇരു​മ്പ്​ മതിൽ. നൂതനവും സാങ്കേതികവുമായ പുതിയ മതിൽ ഹമാസിന്‍റെ പദ്ധതികൾ പൊളിക്കുമെന്ന് ​ ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്​സ്​ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നിരവധി ക്യാമറകൾ, റഡാർ, മറ്റ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന മതിൽ 65 കിലോമീറ്റർ ആണ്​ പണിതിട്ടുള്ളത്​. 1,40,000 ടൺ ഇരുമ്പും സ്റ്റീലും ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയാക്കാൻ മൂന്ന് വർഷത്തിലധികമെടുത്തെന്നും മന്ത്രാലയം അറിയിച്ചു.

അതെ സമയം കടൽ വഴിയുള്ള നുഴഞ്ഞുകയറ്റം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും റിമോട്ട് നിയന്ത്രിത ആയുധ സംവിധാനവും ഒരുക്കിയിട്ടുണ്ട്​. ഈജിപ്തുമായി ഗാസയ്ക്ക് 14 കിലോമീറ്റർ നീളമുള്ള അതിർത്തിയുമുണ്ട്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അതും തടഞ്ഞിട്ടുണ്ട്​. ഇതിനിടെ ഹമാസ് പ്രദേശത്ത്​ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്​.

Leave A Reply
error: Content is protected !!