കേരളകൈത്തറിക്ക് കൂരാറക്കാരൻറെ വിരലടയാളം !

കേരളകൈത്തറിക്ക് കൂരാറക്കാരൻറെ വിരലടയാളം !


ദിവാകരൻ ചോമ്പാല

തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലക്ക് വീണ്ടും അഭിമാനമായിത്തീർന്നിരിക്കുന്നു ജില്ലയിലെ കൂരാറ സ്വദേശി ഷിബിൻ കെ കരുൺ .
തലശ്ശേരിയിലെ ചിറക്കര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനും ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് ഷിബിൻ കെ കരുൺ എന്ന യുവാവ് .

കേരളത്തിലുട നീളമുള്ള  കൈത്തറിസംഘങ്ങളും മറ്റു കൈത്തറി സ്ഥാപനങ്ങളും നിർമ്മിക്കുന്ന  കൈത്തറി ഉൽപ്പന്നങ്ങളിളെല്ലാം ഇനിമുതൽ ഷിബിൻ കെ കരുണിൻറെ വിരലടയാളം പതിഞ്ഞുകൊണ്ടായിരിക്കും വിപണിയിലെത്തുക !.
മൂല്യവർദ്ധിത കൈത്തറി ഉത്പ്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതിയുടെ ഭാഗമായി ഷിബിൻ കെ കരുൺ രൂപകൽപ്പനചെയ്ത കേരള കൈത്തറി ലോഗോ അഥവാ മുദ്രയുടെ പ്രകാശനകർമ്മം ലോക കൈത്തറിദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിച്ചു .ലോഗോ ഡിസൈനർ ഷൈൻ കെ കരുണിന് മുഖ്യമന്ത്രി ഉപഹാര സമർപ്പണം നടത്തുകയുമുണ്ടായി .

ആഗോളതലത്തിൽ കൈത്തറി ഉത്പ്പന്നങ്ങൾക്ക് ജനപ്രീതി വർദ്ധിച്ചുവരുന്ന ഈ നവീന കാലഘട്ടത്തിൽ  കേരള  കൈത്തറിത്തുണിത്തരങ്ങൾക്ക് മുദ്രവരുന്നതോടെ നമ്മുടെ കൈത്തറി തുണിത്തരങ്ങൾക്ക് വിദേശമാർക്കറ്റിൽ വിപണസാധ്യത  വർദ്ധിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് ചടങ്ങിൽ  മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി ഉൽപ്പന്നങ്ങളുടെ ഓൺലൈൻ മാർക്കറ്ററിംഗ് സംവിധാനം വ്യവസായവകുപ്പിന്റെ സജീവപരിഗണയിൽ ഉള്ളതായും  ലോഗോപ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി .രാജീവ് പറയുകയുണ്ടായി .

ഐക്യ രാഷ്ട്ര സഭയുടെ 2015 ലെ പരിസ്ഥിതിപ്രചാരണത്തിനുള്ള ലോഗോ ഡിസൈൻ ചെയ്ത്  അംഗീകാരം നേടിയ ഷിബിൻ  നേരത്തെതന്നെ രാജ്യാന്തരപ്രശസ്‌തി നേടിയ ഭാരതീയനായ ലോഗോ ഡിസൈനർ കൂടിയായിരുന്നു . 70 ലേറെ രാജ്യങ്ങളിൽ നിന്നുമുള്ള മുന്നൂറിലേറെ പ്രമുഖചിത്രകാരന്മാർ രൂപകൽപ്പന നിർവ്വഹിച്ച ലോകപരിസ്ഥിതിമുദ്രകളെ  പിൻനിരയിലാക്കിക്കൊണ്ടായിരുന്നു  ഷിബിൻ കെ കരുൺ ഡിസൈൻ ചെയ്ത ലോഗോ 2015 ൽ തെരെഞ്ഞെടുക്കപ്പെട്ടത്. പാരിതോഷികമായി ഇറ്റലിയിലെ മിലാൻ സന്ദർശിക്കുവാനും അവിടെ നടക്കുന്ന
വേൾഡ് എക്സ്പോയിൽ പങ്കാളിയാവാനും യുണൈറ്റഡ് നേഷൻ എൻവയോൺമെന്റ് പ്രോഗ്രാം അന്ന് ഇദ്ദേഹത്തിന് അവസരമൊരുക്കിയിരുന്നു.

അധ്യാപകസമൂഹത്തിന് കേരളത്തിൻറെ വക ദക്ഷിണയായി സമർപ്പിച്ച ഗുരുമുദ്രയുടെ ഗുരുവും ഷിബിൻ കെ കരുൺ തന്നെ . അറിവിൻറെ  അഥവാ ജ്ഞാനത്തിന്റെ ആദിമുദ്രകളിലൊന്നായ മരച്ചട്ടയിലുറപ്പിച്ച സ്ളേറ്റിൽ വലിയൊരു
ആൾരൂപമായി ഗുരുവും ഗുരുവിന്റെ ഹൃദയത്തോട് ഒട്ടിനിൽക്കുന്ന നിലയിലുള്ള ചെറിയ രൂപമായി ശിഷ്യനും ഇതായിരുന്നു ഗുരുമുദ്ര കാണുമ്പോൾ ആരുടെ മനസ്സിലും തോന്നുക .

” ലാളിത്യമാണ് ഗുരുമുദ്രയുടെ സൗന്ദര്യം ,അനാവശ്യമോ അധികപ്പറ്റായോ ഒരു ചെറു വരപോലുമില്ലാത്തതുകൊണ്ടുമാണ് അത്ഭുത കലാസൃഷ്ടിയായ  ഈ ലോഗോ എന്നെ അങ്ങേയറ്റം  ആകഷർഷിച്ചത് ”-

ഷിബിൻ രൂപകൽപ്പനചെയ്ത ഗുരുമുദ്ര യെക്കുറിച്ച്  ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രശസ്‌ത  ചിത്രകാരൻ ആർട്ടിസ്റ് നമ്പുതിരിയുടെ വിലപ്പെട്ട വിലയിരുത്തലും അനുമോദനവും അങ്ങിനെ . ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പനചെയ്യാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലെത്തിയ അഞ്ചുപേരിൽ  ഒരാൾ  കൂടിയായ ഷിബിൻ ഇതിനകം ഇന്ത്യയിലും വിദേശങ്ങളിമായി നിരവധി സ്ഥാപനങ്ങൾക്കും പ്രോഡക്റ്റുകൾക്കും പരസ്യക്കമ്പനികൾക്കുംവരെ ലോഗോ ഡിസൈൻ ചെയ്തു നൽകിയതായറിയുന്നു  .

പ്രമുഖ സിനിമാതാരങ്ങൾക്ക് വേണ്ടിയും സിനിമകൾക്ക്  വേണ്ടിയുമുള്ള വർക്കുകൾക്കായി കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കൂരാറ ഗ്രാമത്തിലെ ഷിബിൻ എന്ന ആർട്ടിസ്റ്റിനെ തേടിയെത്തുകയുണ്ടായെന്നതും നാടിന് അഭിമാനം .നാട്ടുകാർക്ക് സന്തോഷം . കൂനംകണ്ടിയിൽ  പരേതനായ റിട്ട .ഫാർമസിസ്റ്റ്  കെ കരുണൻറെയും പ്രസന്നകുമാരിയുടെയും മകനാണ് ഷിബിൻ കെ കരുൺ . അഴീക്കോട്  ഗവ. .ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപിക മായയാണ്  ഭാര്യ .മകൻ ശലഭ് .മകൾ സൃഷ്ട്ടി .ഷിബിൻ കെ കരുൺ ഫോൺ :9946859023 

Leave A Reply
error: Content is protected !!