അക്ഷരമുത്തശ്ശിക്ക് നാടിന്റെ ആദരം

അക്ഷരമുത്തശ്ശിക്ക് നാടിന്റെ ആദരം

കോട്ടയം: നൂറ്റിനാലാം വയസിൽ സാക്ഷരത മിഷന്റെ മികവുത്സവം പരീക്ഷയെഴുതി വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവ് തിരുവഞ്ചൂർ തട്ടാംപറമ്പിൽ കുട്ടിയമ്മ കോന്തിക്ക് ജില്ലയുടെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കുട്ടിയമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച്, ഫലകം നൽകിയാണ് ആദരിച്ചത്.

സാക്ഷര ജില്ലയ്ക്ക് അഭിമാനമാണ് അക്ഷര മുത്തശ്ശിയുടെ നേട്ടമെന്ന് നിർമ്മല ജിമ്മി പറഞ്ഞു. കുട്ടിയമ്മയെ പഠനത്തിലേക്ക് തിരിച്ചുവിട്ട സാക്ഷരതാ പ്രേരക് രഹന ജോണിനെയും ചടങ്ങിൽ ആദരിച്ചു. രണ്ടര മാസം കൊണ്ടാണ് കുട്ടിയമ്മ പഠനം പൂർത്തിയാക്കി നാലാം ക്ലാസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയത്. 100 ൽ 89 മാർക്ക് നേടി മികച്ച വിജയമാണ് മുത്തശ്ശി നേടിയത്.

സാക്ഷരതാ പഠനത്തിന് ശേഷം പത്രവായനയും പഴയ സിനിമാഗാനങ്ങൾ എഴുതലുമാണ് കുട്ടിയമ്മയുടെ പ്രധാന വിനോദങ്ങൾ. കുട്ടിയമ്മയുടെ അഞ്ചുമക്കളിൽ രണ്ടു പേർ മരിച്ചു. മൂത്ത മകൻ ടി.കെ. ഗോപാലനൊപ്പം തിരുവഞ്ചൂരാണ് ഇപ്പോൾ താമസം. 13 കൊച്ചുമക്കളുണ്ട്. അഞ്ചു തലമുറയെയും കുട്ടിയമ്മ കണ്ടു കഴിഞ്ഞു. കേൾവിക്കുറവൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.

Leave A Reply
error: Content is protected !!