രാഷ്ട്രപതിയുടെ കാൺപൂർ സന്ദർശനം ; സുരക്ഷ ക്രമീകരണ വിവരങ്ങൾ ചോർന്നു ; അന്വേഷണം

രാഷ്ട്രപതിയുടെ കാൺപൂർ സന്ദർശനം ; സുരക്ഷ ക്രമീകരണ വിവരങ്ങൾ ചോർന്നു ; അന്വേഷണം

കാൺപൂർ: രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്‍റെ സുരക്ഷ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ ചോർന്ന സംഭവത്തിൽ അന്വേഷണമാരംഭിച്ചു . രാഷ്​ട്രപതിയുടെ രണ്ടു ദിവസത്തെ കാൺപൂർ സന്ദർശനത്തിന്​ ഏർപ്പെടുത്തിയ സുരക്ഷ ​ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖയാണ്​  സമൂഹമാധ്യമങ്ങളിലൂടെ ചോർന്നത്​. സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച രേഖകൾ വാട്​സ്​ആപിലൂടെ പ്രചരിക്കുകയായിരുന്നു.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ് പങ്കെടുക്കുന്ന വേദികളിലെ സുരക്ഷ, വിവിധ സേനകളുടെ വിന്യാസം, മറ്റു സുരക്ഷ ക്രമീകരണങ്ങൾ തുടങ്ങിയവയുടെ രേഖ മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ വിതരണം ചെയ്​തിരുന്നു. ഇതാണ്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്​. സംഭവത്തിൽ കാൺപൂർ പൊലീസ്​ കമ്മീഷണർ അസിം അരുണാണ്​ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

‘എ.ഡി.സി.പി(ട്രാഫിക്​) രാഹുൽ മിതാസിനാണ്​ അന്വേഷണം. രേഖ പരസ്യമാക്കിയ ഉദ്യോഗസ്​ഥരെ കണ്ടെത്താനും അവ പരസ്യമാക്കിയതിന്​ പിന്നിലെ ഉദ്ദേശവും കണ്ടെത്താനാണ്​ നിർദേശം’ – കമ്മീഷണർ വ്യക്തമാക്കി.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു​ രാഷ്​ട്രപതിയുടെ കാൺപൂർ സന്ദർശനം. രാഷ്​ട്രപതി സന്ദർശനത്തിന്​ മുന്നോടിയായി പൊലീസ്​ കമീഷണറേറ്റ്​ സുരക്ഷ ചുമതലകൾ സംബന്ധിച്ച്​ ബ്ലൂ പ്രിന്‍റ്​ തയാറാക്കിയിരുന്നു.  76 പേജുള്ള ബുക്ക്​ലെറ്റിൽ സന്ദർശനത്തിന്‍റെ രേഖകളും സുരക്ഷ ക്രമീകരണങ്ങളും രേഖപ്പെടുത്തിയിരുന്നു. ഒപ്പം സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്​ഥരുടെ പേരു വിവരങ്ങളും ഫോൺ നമ്പറുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ ഈ രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബുക്ക്​ലെറ്റിൽ രേഖപ്പെടുത്തിയിരുന്നു.

Leave A Reply
error: Content is protected !!