എഴുപത്തിയഞ്ച് കോടിയിലധികം കളക്ഷൻ നേടി കുറുപ്പിൻറെ കുതിപ്പ് തുടരുന്നു

എഴുപത്തിയഞ്ച് കോടിയിലധികം കളക്ഷൻ നേടി കുറുപ്പിൻറെ കുതിപ്പ് തുടരുന്നു

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തുറന്നു. ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും, തമിഴ് ചിത്രങ്ങളും എത്തിയ ശേഷം  കുറുപ്പ് 12ന് കേരളത്തിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴു൦ വിജയ യാത്ര തുടരുകയാണ്. ചിത്രം ഇപ്പോൾ 75 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. അഞ്ച് ദിവസം കൊണ്ട് ചിത്രം അമ്പത് കോടി കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ ചിത്രം മുപ്പത്തിഅയ്യായിരത്തിലധികം ഷോകളും പൂർത്തിയാക്കി. 75 കോടി ചിത്രം നേടിയതായി ദുൽഖർ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. “എല്ലാ പ്രേക്ഷകർക്കും നന്ദി. ഞങ്ങൾ പ്രാര്‍ത്ഥനയോടെ റിലീസ് ചെയ്ത ചിത്രത്തെ നിങ്ങൾ പ്രേക്ഷകര്‍ സ്നേഹത്തോടെ സ്വീകരിച്ചു”, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രം 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് ആദ്യ ദിനം നടത്തിയത്. പലയിടത്തു൦ 12 മണിക്ക് ശേഷവും അധിക ഷോകൾ നടത്തുകയും ചെയ്തു. ഉറങ്ങിക്കിടന്ന കേരളത്തിലെ തീയറ്ററുകൾ പഴയ പോലെ സജീവമായിരിക്കുകയാണ് ദുൽഖർ കുറിപ്പിലൂടെ. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും .

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ്.

Leave A Reply
error: Content is protected !!