പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 29 ന്; പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്ന് കോൺഗ്രസ്സ്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 29 ന്; പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്ന് കോൺഗ്രസ്സ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 29 ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്ന് കോൺഗ്രസ്സ്.

പണപ്പെരുപ്പം, പെട്രോള്‍-ഡീസല്‍ വില, ചൈനയുടെ കടന്നുകയറ്റം, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് യോഗത്തിൽ തീരുമാനമായി. താത്കാലിക പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിയില്‍, വ്യാഴാഴ്ച വൈകിട്ട് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

എ.കെ. ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ താങ്ങുവില ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഖിംപുര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി അജയ് കുമാര്‍ മിശ്രയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയങ്ങളില്‍ യോജിച്ചു നില്‍ക്കാന്‍ വിവിധ പാര്‍ട്ടി നേതാക്കളുമായി സംസാരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

 

Leave A Reply
error: Content is protected !!