അന്തിമ പട്ടിക ജനുവരി അഞ്ചിന്, നവംബര്‍ 30 വരെ പേര് ചേര്‍ക്കാന്‍ അവസരം

അന്തിമ പട്ടിക ജനുവരി അഞ്ചിന്, നവംബര്‍ 30 വരെ പേര് ചേര്‍ക്കാന്‍ അവസരം

മലപ്പുറം: 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്ക് നിയോഗിച്ച വോട്ടര്‍പട്ടിക നിരീക്ഷകയും കള്‍ച്ചറല്‍ അഫേഴ്‌സ്, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ റാണി ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനുവരി അഞ്ചിന് പുറത്തിറക്കുന്ന അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക നിരീക്ഷകയുടെ നേതൃത്തിലുള്ള ആദ്യ യോഗമാണ് കലക്ടറേറ്റില്‍ ചേര്‍ന്നത്.

വീട്ടുനമ്പര്‍ മാറിയതിനെ തുടര്‍ന്ന് നേരത്തെ അടുത്തടുത്ത ക്രമ നമ്പറിലായിരുന്ന കുടുംബാംഗങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പലയിടങ്ങളിലായി വ്യാപിച്ചതായി പരാതികള്‍ ലഭിച്ചതായി വോട്ടര്‍പട്ടിക നിരീക്ഷക റാണി ജോര്‍ജ് അറിയിച്ചു. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗളിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ യോഗത്തില്‍ അറിയിച്ചു.

2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നിലവില്‍ നവംബര്‍ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിനായി താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്‍പ്പടെ കാമ്പയിനുകള്‍ നടക്കുന്നതായും അവര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാകലക്ടറുടെ അധിക ചുമതലകൂടി വഹിക്കുന്ന എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍, ഏഴ് താലൂക്കുകളിലെയും തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!