മംഗലാംകുന്ന് ഗജേന്ദ്രൻ ചരിഞ്ഞു

മംഗലാംകുന്ന് ഗജേന്ദ്രൻ ചരിഞ്ഞു

ശ്രീകൃഷ്ണപുരം : മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജരാജൻ ഗജേന്ദ്രൻ (56) ചരിഞ്ഞു. ഉത്സവപ്പറമ്പുകളിൽ ആനപ്രേമികൾക്ക് ആവേശംപകരാനും തിടമ്പേറ്റാനും ഇനി മംഗലാംകുന്ന് ഗജേന്ദ്രനില്ല. ബുധനാഴ്ചപകൽ നാലുമണിയോടെ മംഗലാംകുന്ന് ആനക്കൊട്ടിലിലാണ് ഗജേന്ദ്രൻ ചരിഞ്ഞത്. ശരീരത്തിൽ കുറച്ചുദിവസമായി ചില പാടുകൾ കാണപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ആനയ്‌ക്ക് രോഗംകൂടി. ഡോ. ഗിരിദാസിന്റെ നേതൃത്വത്തിൽ ചികിത്സയും നൽകിയിരുന്നു.

ഹൃദയസ്തംഭനമാണ് മരണകാരണമെന്ന്‌ കരുതുന്നു. തിങ്കളാഴ്ച രാത്രിയാണ് മംഗാലാംകുന്ന് രാജൻ ചരിഞ്ഞത്. ഒരുവർഷത്തിനിടയ്‌ക്ക് മംഗലാംകുന്ന് കർണൻ ഉൾപ്പെടെ മൂന്ന്‌ ആനകളാണ് മംഗലാംകുന്ന് ആനത്തറവാട്ടിൽ ചരിഞ്ഞത്. മംഗലാംകുന്ന് ആനത്തറവാട്ടിലെ നാടൻ ആനകളിലെ അവസാന കണ്ണിയാണ് ഗജേന്ദ്രൻ. അഴകൊത്ത വിരിഞ്ഞ കൊമ്പും വണ്ണംകൂടിയ തുമ്പിയും ഗജേന്ദ്രനെ ആനപ്രേമികളുടെ പ്രിയങ്കരനാക്കി. ഉയർന്ന വായുകുംഭവും അവന് സ്വന്തം. ശാന്ത സ്വഭാവക്കാരനായിരുന്നു. നീരുകാലത്തും ഗജേന്ദ്രൻ പ്രശ്‌നമൊന്നുമുണ്ടാക്കാറില്ല. പാപ്പാനോടും നാട്ടുകാരോടും ഗജേന്ദ്രന് സ്‌നേഹംമാത്രം. കേരളത്തിനകത്തും പുറത്തും ഉത്സവപ്പറമ്പുകളിൽ തിടമ്പേറ്റിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിന്‌ തിരുവമ്പാടിക്കും പാറമേക്കാവിനുംവേണ്ടി അണിനിരന്നിട്ടുണ്ട്.

Leave A Reply
error: Content is protected !!