കേരള മാതൃകയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

കേരള മാതൃകയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ രാജ്യവ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കിയ മാതൃകയിൽ ദേശവ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പിലാക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്നും ഇതിനായി ദേശവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര  ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയൽ ഡൽഹിയിൽ വിളിച്ചു ചേർത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ കോവിഡ് മഹാമാരി മൂലം ലോക്ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ തന്നെ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിച്ച് രോഗികൾക്കും നിർധനർക്കും മറ്റ് വിഭാഗങ്ങൾക്കും സൗജന്യ ഭക്ഷണം നൽകിയതായി മന്ത്രി യോഗത്തിൽ പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചണുകൾ വഴി കൂടുതൽ നേരം സൗജന്യ നിരക്കിൽ ഭക്ഷണം നല്കുന്നതിനുള്ള അരി ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള നിരക്കിൽ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകളും സുഭിക്ഷാ ഹോട്ടലുകളും ഒരുക്കുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് ഹോട്ടൽ ഒന്നിന് പത്ത് ലക്ഷം രൂപ അനുവദിക്കണം. സംസ്ഥാനത്തിന്റെ അരിവിഹിതം മുമ്പ് ലഭിച്ചിരുന്ന പ്രകാരം 16 ലക്ഷം മെട്രിക് ടണ്ണായി പുന:സ്ഥാപിക്കണം.

സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുമായി ബന്ധപ്പെട്ട് 50,000 മെട്രിക് ടൺ അരി അധികമായി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാചക വാതകത്തിന്റെ സബ്‌സിഡി 2020 ഏപ്രിൽ മുതൽ നൽകുന്നില്ല.  അത് പുന:സ്ഥാപിച്ച് കുടിശ്ശിക സഹിതം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണം.

രാജ്യവ്യാപകമായി മോഡൽ കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ സുപ്രീംകോടതി മുമ്പാകെ സമർപ്പിക്കുന്നതിനായി തയ്യാറാക്കുന്നതിനുള്ള ഏഴംഗ സമിതിയിൽ കേരളാ സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ.ഡി.സജിത് ബാബുവിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

Leave A Reply
error: Content is protected !!