ശബരിമലയിലേക്ക് കാൽനടയായി കായംകുളത്ത് നിന്നും 80 അംഗ അയ്യപ്പസംഘം

ശബരിമലയിലേക്ക് കാൽനടയായി കായംകുളത്ത് നിന്നും 80 അംഗ അയ്യപ്പസംഘം

വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമേന്തി അയ്യപ്പ സന്നിധിയിലേക്ക് ദർശന പുണ്യം തേടി 80 അംഗ തീർത്ഥാടക സംഘം ഇക്കുറിയും കാൽ നടയായി പുറപ്പെട്ടു. കായംകുളം തീർത്ഥം പൊഴിച്ചാലുമൂട് ക്ഷേത്രത്തിൽ നിന്നുമാണ്കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി തുടരുന്ന തീർത്ഥാടന സംഘം പുറപ്പെട്ടത്. കായംകുളം ചേരാവള്ളി സുവർണ്ണയിൽ ബാബു കോയിപ്പുറത്ത് സ്വാമിയാണ് നേതൃത്വം നൽകുന്നത്.
പത്തംഗ ചെറിയ സംഘങ്ങളായി തുടക്കത്തിൽ ആരംഭിച്ച തീർത്ഥാടന പദയാത്രയിൽ ഓരോ വർഷം കഴിയും തോറും തീർത്ഥാടകരുടെ എണ്ണം കൂടിവരുകയായിരുന്നു. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് പുണ്യ ദർശനത്തിനായി എല്ലാ വർഷവും പുറപ്പെടുന്നത്. ആദ്യമായി തീർത്ഥാടന പദയാത്ര ആരംഭിച്ചത് 1991 ലാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള 160 അംഗ തീർത്ഥാടക സംഘത്തിൽ രണ്ട് ഡോസ് വാക്സിനേഷൻ നടത്തിയ 80 പേർ മാത്രമാണ് ഇക്കുറി ഉള്ളത്.
മാവേലിക്കര കാട്ടുവള്ളിൽ ശ്രീധർമ്മ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, റാന്നി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എരുമേലി, അഴുത, പമ്പ എന്നീ ഇടത്താവളങ്ങളിൽ എത്തിയ ശേഷമാണ് തീർത്ഥാടക സംഘം അയ്യപ്പ ദർശനത്തിനായി മല ചവിട്ടുന്നത്. ഏഴ് ദിവസം കൊണ്ട് സംഘം ശബരിമലയിൽ എത്തും. വൃശ്ചികം 14ന് പമ്പാ ഗണപതിയുടെ സന്നിധിയിൽ സംഘം മഹാ പമ്പാ സദ്യ ഒരുക്കുന്നുണ്ട്. കൂടാതെ വിവിധ സ്ഥലങ്ങളിൽ അന്നധാനം, വസ്ത്രംധാനം, സാമ്പത്തിക സഹായ വിതരണം തുടങ്ങിയ പുണ്യ കർമ്മങ്ങളും നടത്തും.
Leave A Reply
error: Content is protected !!