പീഡനത്തിൽ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; അധ്യാപകനും ജീവനൊടുക്കി

പീഡനത്തിൽ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; അധ്യാപകനും ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ലൈംഗികപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാർത്ഥിയുടെ അധ്യാപകനും ജീവനൊടുക്കി . കരൂരിലെ സ്വകാര്യ സ്‌കൂളിലെ ഗണിതാധ്യാപകനായ ശരവണനാണ് ആത്മഹത്യ ചെയ്തത്. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും വേട്ടയാടപ്പെടുകയാണെന്ന് എഴുതിവെച്ചാണ് ഇയാൾ ജീവനൊടുക്കിയത് .

അഞ്ചുദിവസം മുമ്പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരി ആത്മഹത്യ ചെയ്തത്. ലൈംഗികപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കുന്ന അവസാനത്തെ പെണ്‍കുട്ടി താനായിരിക്കണമെന്ന കുറിപ്പെഴുതിയാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. അതെ സമയം കുറിപ്പില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. എന്നാല്‍ പലരും കുട്ടിയുടെ അധ്യാപകനായ ശരവണനെ സംശയിച്ചിരുന്നു. ഇതാണ് അധ്യാപകന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസ് ഭാഷ്യം.

പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ശരവണന്‍ കഴിഞ്ഞദിവസം സ്‌കൂളില്‍നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയിലെ ഭാര്യവീട്ടിലേക്കാണ് പോയത്. ഇവിടെയെത്തി മുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. ദീർഘ സമയo കഴിഞ്ഞിട്ടും ശരവണന്‍ വാതില്‍ തുറക്കാതിരുന്നതോടെ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നതോടെയാണ് ശരവണനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മുറിയില്‍നിന്ന്  ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

താന്‍ തെറ്റുകാരനല്ലെന്നും കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പഠിക്കണമെന്ന് പറഞ്ഞ് കുട്ടികളോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ഇതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശരവണന്റെ കുറിപ്പിലുണ്ടായിരുന്നു.

Leave A Reply
error: Content is protected !!