അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയായി തുടരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?

അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയായി തുടരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ജീവനൊടുക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സി ഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി പിണറായി സര്‍ക്കാര്‍ വീണ്ടും മാതൃകയായി. ആറുവയസുകാരിയെയും അച്ഛനെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ വീടിനടുത്തേക്ക് സ്ഥലം മാറ്റി നേരത്തെ മാതൃകയായിരുന്നു. അതില്‍ കോടതി വിമര്‍ശനമൊക്കെ നേരിട്ടെങ്കിലും അതൊന്നും ഇടതു സര്‍ക്കാരിന് ഒരു വിഷയമേയല്ല. വേട്ടപ്പട്ടി കുരയ്ക്കട്ടെ എന്ന് കുട്ടി സഖാക്കള്‍ വെറുതെ കിടന്നു കാറുന്നതല്ലെന്ന് സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തികാണുമ്പോഴും തോന്നും. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ ഇങ്ങനൊക്കെത്തന്നെയാ എന്നതാണ് നയം. സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മരിച്ച മോഫിയ പര്‍വീണിന്റെ ബന്ധുക്കളും സമരക്കാരും ആവശ്യപ്പെട്ടിരുന്നു എന്നാല്‍. ഈ ആവശ്യം ഇപ്പോള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പകരം സുധീറിനെ സുരക്ഷിതമായി പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയാണുണ്ടായത്.

ഇത്തരത്തില്‍ നടപടിയെടുക്കുന്ന ഭരണത്തില്‍ കീഴില്‍ ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണ് ലഭിക്കുന്നത്. എന്തുകാണിച്ചാലും സുരക്ഷിതരാണെന്ന് സുധീറിനെപ്പോലെയുള്ള നരാധമന്മാരെ ബോധ്യപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമായിത്തന്നെ കണക്കാക്കാം. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നതിങ്ങനെ, കേരളത്തിന്റെ ആഭ്യന്തര മന്ത്രിയോട്, ‘ഈ സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത അഴകൊഴമ്പന്‍ ആഭ്യന്തര മന്ത്രിയായി ആ കസേരയില്‍ തുടരാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? വേട്ടക്കാര്‍ക്ക് കുട ചൂടി നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ആര്‍ക്കാണ് നീതി ലഭിക്കുക?’ നിങ്ങളുടെ പോലീസിന്റെ അനാസ്ഥ കാരണം ഒരു പെണ്‍കുട്ടി കൂടി ജീവന്‍ വെടിഞ്ഞിരിക്കുന്നു.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി വിജയന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വന്‍തോതില്‍ പെരുകിയിരിക്കുന്നു. ജിഷ വധക്കേസില്‍ മുതലക്കണ്ണീരൊഴുക്കിയ സി പി എം ന്റെ ഭരണകാലത്ത് ഒരായിരം ജിഷമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആലുവയില്‍ ഗാര്‍ഹിക പീഡനം നേരിട്ട ഇരുപത്തിയൊന്ന് വയസ്സുകാരി നീതി പ്രതീക്ഷിച്ചാണ് പിണറായി വിജയന്റെ പോലീസിനെ സമീപിച്ചത്. ലഭിച്ചത് കൊടിയ അനീതി മാത്രമല്ല, മോശം പെരുമാറ്റം കൂടിയാണെന്ന് ആ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നു. ‘താനൊരു തന്തയാണോടോ? സ്ത്രീധനം എത്ര കൊടുത്തു?’ എന്നാണ് ഇന്‍സ്പക്ടര്‍ മരണപ്പെട്ട മോഫിയയുടെ പിതാവിനോട് ചോദിച്ചത്. ഈ ആഭ്യന്തര മന്ത്രിയും ഇദ്ദേഹത്തിന്റെ പോലീസും കേരളത്തിന് അപമാനമാണെന്ന് ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. ഒറ്റപ്പെട്ട സംഭവങ്ങളല്ല, തുടര്‍ച്ചയായ അക്രമങ്ങളാണ് അരങ്ങേറുന്നത്. മകളെ നഷ്ടമായ ആ മാതാപിതാക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഭംഗിവാക്കുകള്‍ പറയുന്നില്ല. നഷ്ടപ്പെട്ട ജീവന് പകരമാകില്ലെങ്കിലും ആ പെണ്‍കുട്ടിയുടെ ജീവനെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടെയുണ്ടാകും. എന്നാണ് കെ സുധാകരന്‍ കുറിച്ചിരിക്കുന്നത്.

Video Link : https://youtu.be/P3_rw8-_M0E

Leave A Reply
error: Content is protected !!