കെ റെയില്‍ സ്ഥലമെടുപ്പ് : കോഴിക്കോട്ടെ ഓഫീസ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും

കെ റെയില്‍ സ്ഥലമെടുപ്പ് : കോഴിക്കോട്ടെ ഓഫീസ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും

കോഴിക്കോട്: കെ റെയിലിന് സ്ഥലമെടുപ്പിനായുള്ള സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് അടുത്ത മാസം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും.മലാപ്പറമ്ബ് വാട്ടര്‍ അതോറിറ്റി ഓഫീസ് കവാടത്തിനടത്തായുള്ള വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക . വാടക കരാറായി കഴിഞ്ഞു. ഇനി ഫര്‍ണിച്ചര്‍ മാത്രം ലഭിച്ചാല്‍ മതിയാവും . ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി . കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്ഥലം ഒഴിവില്ലാത്ത സാഹചര്യത്തിലാണ് വാടകക്കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നത്.

സംസ്ഥാനത്ത് പതിനൊന്നു ജില്ലകളിലായി 1221 ഹെക്ടര്‍ ഭൂമിയാണ് കെ റെയിലിനായി ഏറ്റെടുക്കേണ്ടത്. കോഴിക്കോട് ജില്ലയില്‍ 42.03 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതുണ്ട്. ജില്ലയില്‍ മൂവായിരത്തോളം വീടുകള്‍ പൊളിച്ച്‌ മാറ്റുകയും വേണം.സംസ്ഥാനത്തെ മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ എറണാകുളം കേന്ദ്രീകരിച്ച്‌ ഡെപ്യൂട്ടി കളക്ടറെ നിയമിച്ചിട്ടുണ്ട്. അനില്‍ ജോസിനാണ് ഭൂമി ഏറ്റെടുക്കല്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതല.

ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. ഭൂമി ഏറ്റെടുക്കുന്നതോടെ എ.ഡി.ബി വായ്പയും ലഭ്യമാക്കാനാണ് ശ്രമം. 7500 കോടി രൂപയാണ് എ.ഡി.ബി വായ്പ.നേരത്തെ നടത്തിയ ആകാശ സര്‍വേ അനുസരിച്ച്‌ നേരിട്ട് സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണ് സര്‍വെ കല്ലുകള്‍ സ്ഥാപിക്കുക. സ്ഥലമെടുപ്പ് വേളയില്‍ പ്രക്ഷോഭസാദ്ധ്യതയുണ്ടെന്നിരിക്കെ ശക്തമായ പൊലീസ് കാവലിലായിരിക്കും നടപടികള്‍.

Leave A Reply
error: Content is protected !!