നീണ്ട ഒന്‍പതു മാസത്തെ പോരാട്ടത്തിനൊടുവില്‍ കുടുംബത്തിന് കുടിവെള്ളം കിട്ടി

നീണ്ട ഒന്‍പതു മാസത്തെ പോരാട്ടത്തിനൊടുവില്‍ കുടുംബത്തിന് കുടിവെള്ളം കിട്ടി

കോഴിക്കോട്: നീണ്ട ഒന്‍പതു മാസത്തെ പോരാട്ടത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിനു സമീപം കുയ്യാലില്‍ പറമ്ബില്‍ എം.ശിവദാസ മേനോന്റെ കുടുംബത്തിന് കുടിവെള്ളം ലഭിച്ചു . മനുഷ്യാവകാശ കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം നൽകിയത് .പരാതി ലഭിച്ചയുടന്‍ കമ്മിഷന്‍ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഉത്തരവായിരുന്നു. സര്‍വീസ് ലൈനില്‍ ജലലഭ്യത കുറവായതിനാല്‍ അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച ലൈനിലേക്ക് കണക്‌ഷന്‍ മാറ്റി നല്‍കി ജലലഭ്യത ഉറപ്പാക്കിയതായി ജല അതോറിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

പരാതിക്കാരന്റെ താമസസ്ഥലം ഉയര്‍ന്ന പ്രദേശമായതിനാല്‍ ജലസംഭരണി സ്ഥാപിച്ച്‌ ജലം ശേഖരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു .എന്നാല്‍, ഇതിനുശേഷവും കുടിവെള്ളം കിട്ടിയില്ല. ഈ കുടുംബം ഉയര്‍ന്ന പ്രദേശമെന്ന പ്രശ്നത്തില്‍ കുടുങ്ങി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയായിരുന്നു .കമ്മിഷന്‍ ഇടപെട്ടിട്ടും വെള്ളം കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെ ജല അതോറിറ്റിയുടെ ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനിയറെ നവംബര്‍ 5ന് കോഴിക്കോട്ട് കമ്മിഷന്‍ സിറ്റിംഗില്‍ വിളിച്ചു വരുത്തി. പരാതിക്കാരന് കുടിവെള്ളം ഉറപ്പാക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കമ്മിഷന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കി. ജല ലഭ്യത ഉറപ്പാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനു പിന്നാലെ പരാതിക്കാരന് വാട്ടര്‍ അതോറിറ്റി ജലലഭ്യത ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Leave A Reply
error: Content is protected !!