വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി

വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: വെള്ളായണി കായല്‍ നവീകരണത്തിനായി ഭരണാനുമതി നല്‍കി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. 96.5 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്.അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് കായലിന്റെ ആഴം കൂട്ടുമെന്നും കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നത് തടയാനും കരിങ്കല്‍ ഭിത്തി കെട്ടാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാക്കമൂലയിലും വവ്വാമൂലയിലും വേര്‍പിരിയുന്ന കായല്‍ ബന്ധിപ്പിക്കും. വെള്ളായണി കായലിന്റെ പ്രധാന സ്രോതസുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു .

കായലിലെ ജലം മാലിന്യമുക്തമാക്കും. കന്നുകാലിച്ചാല്‍ പള്ളിച്ചല്‍ തോട് തുടങ്ങുന്ന ഭാഗത്ത് ലോക് കം ഷട്ടര്‍ സ്ഥാപിക്കും. കൂടുതല്‍ കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് റവന്യൂ വകുപ്പ് ഇടപെട്ട് കായലിന്റെ അതിരുകള്‍ കൃത്യമായി കണ്ടെത്തും . കായലിന്റെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ടൂറിസം വികസനത്തിന് വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.കായലിന്റെ ഇരുവശങ്ങളും മോടി പിടിപ്പിച്ച്‌ ഭംഗിയാക്കി വോക്ക് വേയും സൈക്കില്‍ ട്രാക്കും നിര്‍മ്മിക്കും. ദിവസേന 25,000 വിനോദ സഞ്ചാരികളെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കും. വെള്ളായണി കാര്‍ഷിക കോളജിന്റെ അധീനതയിലുള്ള സ്ഥലത്ത് വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ബോട്ടിംഗും വാട്ടര്‍ സ്‌പോര്‍ട്‌സും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാനും തുക വിനിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

Leave A Reply
error: Content is protected !!