തിരുവനന്തപുരത്ത് ഇന്ന് ആയിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

തിരുവനന്തപുരത്ത് ഇന്ന് ആയിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22 ഒക്ടോബർ 2021) 1,214 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,309 പേർ രോഗമുക്തരായി. 12.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,192 പേർ ചികിത്സയിലുണ്ട്.
പുതുതായി 2341പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2239 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട്   ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  43,474 ആയി.
മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു
കോവിഡ് വ്യാപന നിരക്ക്  ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് ഐശ്വര്യനഗർ റസിഡൻസ് അസോസിയേഷൻ പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് /മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
കോവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ തിനവിള വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും തിരുവനന്തപുരം കോർപ്പറേഷനിലെ കുര്യാത്തി വാർഡിലെ ആനന്ദനിലയം ഓർഫണേജ് പി.എൻ.ആർ.എ പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
Leave A Reply
error: Content is protected !!